Connect with us

motion of no confidence

കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച തുടങ്ങുക രാഹുല്‍

രാഹുലിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരിക്കും അവിശ്വാസ പ്രമേയത്തിലെ ചര്‍ച്ചക്ക് തുടക്കം കുറിക്കുക എന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സര്‍ക്കാറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച തുടങ്ങുക കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അപകീര്‍ത്തി കേസിലെ അയോഗ്യത നീങ്ങി ഇന്നലെയാണ് രാഹുല്‍ വീണ്ടും പാര്‍ലിമെന്റിലെത്തിയത്. രാഹുലിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരിക്കും അവിശ്വാസ പ്രമേയത്തിലെ ചര്‍ച്ചക്ക് തുടക്കം കുറിക്കുക എന്നത്.

ബി ജെ പി പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ഇന്ന് വിളിച്ചിട്ടുണ്ട്. അഞ്ച് കേന്ദ്ര മന്ത്രിമാരാണ് അവിശ്വാസ പ്രമേയത്തില്‍ സംസാരിക്കുക. അമിത് ഷാ, നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു എന്നീ മന്ത്രിമാരാണ് സംസാരിക്കുക. ബി ജെ പിയുടെ മറ്റ് അഞ്ച് എം പിമാരും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. മോദി സര്‍ക്കാറിനെതിരായ രണ്ടാം അവിശ്വാസ പ്രമേയമാണ് ലോക്‌സഭയിലെത്തുന്നത്.

മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ടാണ് ‘ഇന്ത്യ’ സഖ്യം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. മൂന്ന് ദിവസം വിവിധ കക്ഷി പ്രതിനിധികള്‍ സംസാരിച്ച ശേഷം വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കും. മണിപ്പൂര്‍ വിഷയത്തില്‍ മൗനം തുടരുന്ന പ്രധാനമന്ത്രിയെ ലോക്സഭയില്‍ മറുപടി പറയിപ്പിക്കുക എന്നതാണ് അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷം ലക്ഷ്യമിടുന്നത്. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയാകാമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ നിര്‍ബന്ധിതരായത്. കഴിഞ്ഞ മാസം 26ന് കോണ്‍ഗ്രസ്സ് അംഗം ഗൗരവ് ഗൊഗോയിയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിവിധ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള അമ്പത് പേര്‍ പിന്തുണച്ചു. ഇതോടെ സ്പീക്കര്‍ ഓം ബിര്‍ള പ്രമേയാവതരണത്തിന് അനുമതി നല്‍കി.

ഒഴിവുള്ള അഞ്ച് സീറ്റുകള്‍ മാറ്റിനിര്‍ത്തിയാല്‍ ലോക്സഭാംഗങ്ങളുടെ ആകെ എണ്ണം 538 ആണ്. കേവല ഭൂരിപക്ഷത്തിന് വേണ്ട സഖ്യ 270 ആണ്. എന്‍ ഡി എക്ക് 334 പേരുടെ പിന്തുണയുണ്ട്. ഇന്ത്യ സംഖ്യ 147, മറ്റുള്ളവര്‍ 57 എന്നാണ് ഭരണ മുന്നണിക്ക് പുറത്തെ അംഗബലം എന്നതിനാല്‍ അവിശ്വാസ വോട്ടെടുപ്പില്‍ ബി ജെ പിക്ക് സ്വന്തം നിലയില്‍ ജയിക്കാനാകും.

 

---- facebook comment plugin here -----

Latest