bharat jodo yathra
രാഹുല്‍ നടന്നു തുടങ്ങുന്നത്
ഐക്യ ഭാരതത്തിനായി രാഹുല്‍ നടക്കുമ്പോള്‍ വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം വഴിമാറുമെന്നും തോറ്റുപോകുമെന്നും നമുക്ക് പ്രത്യാശിക്കാം.
“മാധ്യമങ്ങള്‍ മോദി സര്‍ക്കാറിനും കൂട്ടര്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നത്. അവര്‍ ഭാരതത്തിലെ പ്രശ്‌നങ്ങള്‍ നിങ്ങളെ കാണിക്കില്ല. പാര്‍ലിമെന്റിലാകട്ടെ ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ സംസാരിക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കില്ല. ഞങ്ങള്‍ സംസാരിച്ചാല്‍ അവര്‍ മൈക്ക് ഓഫ് ചെയ്തുകളയും. ഇനി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് സത്യം വിളിച്ചുപറയുക മാത്രമാണ് ആകെയുള്ള വഴി.’ കഴിഞ്ഞ ദിവസം ഡല്‍ഹി രാമലീല മൈതാനിയില്‍ നടന്ന വിലക്കയറ്റത്തിനെതിരെയുള്ള കോണ്‍ഗ്രസ്സിന്റെ പ്രതിഷേധ റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞ വാക്കുകളാണിത്. ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം തന്നെ സത്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് എന്ന് രാഹുല്‍ അവകാശപ്പെടുന്നു. ബി ജെ പിയും ആര്‍ എസ് എസും വെറുപ്പ് പടര്‍ത്തുകയാണ്. ജീവല്‍പ്രശ്‌നങ്ങളെ സംബന്ധിച്ച ജനങ്ങളുടെ ഭയത്തെ അവര്‍ ധ്രുവീകരണ രാഷ്ട്രീയം കൊണ്ട് മറച്ചുവെക്കുകയും വെറുപ്പിന്റെയും ഭയത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നാണ് രാഹുല്‍ സമകാലിക ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തെ വിശദീകരിക്കുന്നത്.
വെറുപ്പും ഭയവും അസമത്വവും വിഭജിച്ച ഇന്ത്യയെ വീണ്ടെടുക്കാനാണ് ഭാരത് ജോഡോ എന്ന സാഹസ യാത്രക്ക് രാഹുല്‍ മുതിരുന്നത്. മുന്‍ പ്രധാനമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ചന്ദ്രശേഖര്‍ നടത്തിയതുപോലെ ഒരു പദയാത്രയാണ് രാഹുലും നടത്തുന്നത്. പക്ഷേ, കോണ്‍ഗ്രസ്സ് നേതൃത്വം കൊടുക്കുന്ന റാലി എന്ന നിലക്കും രാഹുല്‍ ഗാന്ധിയുടെ പദയാത്ര എന്ന നിലക്കും ഒരുപക്ഷേ രാജ്യം ഇന്നേവരെ കണ്ടതില്‍ വെച്ചേറ്റവും നിര്‍ണായകവും സ്വാധീനമുള്ളതുമായിരിക്കും ഭാരത് ജോഡോ യാത്ര. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ച് നടന്ന ചിന്തന്‍ ശിബിരത്തില്‍ വെച്ച് സോണിയാ ഗാന്ധിയാണ് ഭാരത് ജോഡോ യാത്ര പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട അധ്യായമായ ഭാരത് ചോടോ അഭിയാന്റെ (ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം) 80 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന വേളയിലാണ് ഭാരത് ജോഡോ അഭിയാനും സംഘടിപ്പിക്കപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്.
3,500ലധികം കിലോമീറ്റര്‍ താണ്ടുന്ന ഒരു പദയാത്ര എന്നതില്‍ കവിഞ്ഞ് ഇതൊരു പ്രസ്ഥാനമായി രൂപപ്പെടുത്തണമെന്നാണ് ലക്ഷ്യമെന്ന് ഭാരത് ജോഡോയുടെ സംഘാടന ചുമതലയുള്ള ദ്വിഗ് വിജയ് സിംഗ് പറയുന്നു. കോണ്‍ഗ്രസ്സ് പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും നേതൃത്വം നല്‍കുന്ന ഒരു യാത്ര എന്നതിലുപരി, പ്രതിപക്ഷ സംഘടനകള്‍, കക്ഷികള്‍, പൗര സമിതികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിവിധ സാമൂഹിക വിഭാഗങ്ങള്‍, സമുദായ സംഘങ്ങള്‍ തുടങ്ങി മോദി ഭരണം കൊണ്ട് പൊറുതിമുട്ടുന്ന, മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ കൂട്ടായ ഒരു മുന്നേറ്റം എന്ന നിലക്കാണ് ഭാരത് ജോഡോ യാത്രയെ സംഘാടകര്‍ വിഭാവനം ചെയ്യുന്നത്.
“അവര്‍ ഭിന്നിപ്പിക്കുന്നു, നമ്മള്‍ ഒരുമിപ്പിക്കുന്നു. അവര്‍ തകര്‍ക്കുന്നു, നമ്മള്‍ കൂട്ടിച്ചേര്‍ക്കുന്നു, അവര്‍ വെറുക്കുന്നു, നമ്മള്‍ സ്‌നേഹിക്കുന്നു’- രാഹുല്‍ ഗാന്ധിയുടെ വളരെ പ്രസിദ്ധമായ വാചകങ്ങളാണിത്. ഒരുപക്ഷേ ഭാരത് ജോഡോ എന്ന പദവിന്യാസം തന്നെ ഈ ആശയത്തില്‍ നിന്നുള്ളതാകണം. ഒരിക്കല്‍ ബ്രിട്ടീഷുകാരോട് ഇന്ത്യ വിട്ടുപോകാന്‍ (ഭാരത് ചോടോ) കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനം ആഹ്വാനം ചെയ്തു. എന്നാല്‍ ഇന്ന് വിഭജിക്കപ്പെട്ട ഇന്ത്യയെ വീണ്ടെടുക്കാന്‍ ഭാരതത്തെ ഒന്നിപ്പിക്കൂ (ഭാരത് ജോഡോ) എന്നാണ് കോണ്‍ഗ്രസ്സ് മുദ്രാവാക്യമുയര്‍ത്തുന്നത്.
ഇങ്ങനെയൊരു യാത്രയുടെ ആവശ്യം നേരത്തേ തന്നെ ഉയര്‍ന്നിരുന്നതാണ്. പ്രത്യേകിച്ചും 2019ലെ പൊതു തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സ് കനത്ത പരാജയം നേരിട്ടപ്പോള്‍ ഒരു ഭാരത യാത്ര അനിവാര്യമാണ് എന്ന് പാര്‍ട്ടിയിലെ പല നേതാക്കളും പ്രവര്‍ത്തകരും ആഗ്രഹിച്ചിരുന്നു. വിവിധ വിഷയങ്ങളില്‍ രാഹുല്‍ തെരുവിലിറങ്ങുമ്പോള്‍ അയാള്‍ക്ക് ചുറ്റിലും ആകര്‍ഷിക്കപ്പെടുന്ന ജനബാഹുല്യം ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പുകളില്‍ വോട്ടാകുന്നില്ലെങ്കിലും അങ്ങനെയൊരു ആള്‍ക്കൂട്ടത്തെ തനിക്കുചുറ്റും സൃഷ്ടിക്കാന്‍ രാഹുലിന് കഴിയുന്നു എന്നത് വലിയ കാര്യവുമാണ്. രാജ്യത്തെല്ലായിടത്തും സ്വീകരിക്കപ്പെടുന്ന വ്യക്തിത്വവും പാരമ്പര്യവുമുള്ള രാഹുലിനെ പോലെ ഒരു നേതാവിന് ജനമധ്യത്തില്‍ കൂടുതല്‍ നേരം കൂടുതല്‍ ആഴത്തില്‍ സമയം ചെലവഴിക്കാനായാല്‍ പാര്‍ട്ടിയും പ്രതിപക്ഷവും ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകരിക്കപ്പെടും എന്ന കണക്കുകൂട്ടലാണ് ഭാരത് ജോഡോ യാത്രയുടെ ഏറ്റവും വലിയ പ്രതീക്ഷ. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ കാല്‍നടയായി ഒരാള്‍ നടക്കുമ്പോള്‍ അതയാള്‍ കടന്നുപോകുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളിലെ ഏതാനും പ്രദേശങ്ങളെ മാത്രമല്ല ഗ്രസിക്കുന്നത്, പകരം രാജ്യത്തെ മുഴുവന്‍ ജനതയെ തന്നെയാണ്. മാത്രവുമല്ല, പദയാത്രയുടെ ശൈലിയും അങ്ങനെത്തന്നെയാണ്. രാവിലെയും വൈകുന്നേരവുമാണ് പദയാത്ര. ഇടയിലുള്ള സമയങ്ങളില്‍ ജനസമ്പര്‍ക്കമാണ് ഉദ്ദേശിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികള്‍, പൗരപ്രമുഖര്‍, കര്‍ഷകര്‍, മഹിളാ സംഘങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, പൗര സമൂഹങ്ങള്‍, ഇതര കക്ഷികള്‍ തുടങ്ങിയവരുമായുള്ള സംഭാഷണങ്ങളും സംവാദങ്ങളും ഈ സമയങ്ങളില്‍ നടക്കും.
ചന്ദ്രശേഖറിന്റെ പദയാത്രയേക്കാള്‍ പണ്ട് ആന്ധ്രയില്‍ വൈ എസ് ആര്‍ റെഡ്ഢി നടത്തിയ പദയാത്രയോടാണ് ഭാരത് ജോഡോ യാത്രക്ക് കൂടുതല്‍ സാമ്യം എന്നുപറയാം. കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള വെറുമൊരു പ്രതിഷേധ പരിപാടിയല്ല ഈ ഉദ്യമം. ജനങ്ങള്‍ മറന്നു തുടങ്ങിയ സഹിഷ്ണുതയും ഐക്യവുമുള്ള ഒരിന്ത്യന്‍ സങ്കല്‍പ്പത്തെയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പ്രസക്തിയെയും ഈ ജാഥ പ്രചരിപ്പിക്കും. മാത്രവുമല്ല, ഭാരത് ജോഡോ യാത്രയോടനുബന്ധിച്ചു തന്നെ “സംവിധാന്‍ ബചാവോ റാലി’ (ഭരണഘടനാ സംരക്ഷണ ജാഥ) എന്നൊരു പരിപാടിയും നടക്കുന്നുണ്ട്. കോണ്‍ഗ്രസ്സിന്റെ വിവിധ പോഷക സംഘടനകളും ഡിപാര്‍ട്ടുമെന്റുകളും സെല്ലുകളുമാണ് ഈ ജാഥക്ക് നേതൃത്വം കൊടുക്കുന്നത്. ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുന്ന ബി ജെ പി- ആര്‍ എസ് എസ് നയങ്ങളെ തുറന്നുകാട്ടുകയാണ് ഈ ജാഥകളുടെ ലക്ഷ്യം.
യാഥാര്‍ഥ്യങ്ങളില്‍ നിന്ന് പാര്‍ട്ടി അകന്നുനില്‍ക്കുകയാണെന്ന പാര്‍ട്ടിക്കകത്തെ തന്നെ ചില നേതാക്കളുടെ ആശങ്കകള്‍ക്കും മറ്റു വിമര്‍ശനങ്ങള്‍ക്കും ഈ യാത്ര മറുപടിയാകും. പാര്‍ട്ടി നേതൃത്വം സംബന്ധിച്ച വിവാദങ്ങള്‍ ഒരു ഭാഗത്ത് നടക്കെ, പാര്‍ട്ടിയില്‍ ഇപ്പോഴും ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള നേതാവ് രാഹുല്‍ തന്നെയാണ് എന്ന സന്ദേശം കൂടിയാണ് ഈ യാത്ര നല്‍കാനിരിക്കുന്നത്. അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന രാഹുലിന്റെ വാശി, “അങ്ങനെയൊരു സ്ഥാനമില്ലാതെയും തനിക്ക് ആര്‍ എസ് എസ്- ബി ജെ പി രാഷ്ട്രീയത്തിനെതിരെ പൊരുതാനാകും’ എന്ന ആത്മവിശ്വാസത്തിന്റെ പുറത്താണ്. വേറെ ആരുതന്നെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് വന്നാലും പാര്‍ട്ടിയുടെ മുഖവും ക്രൗഡ് പുള്ളറും ഗാന്ധി കുടുംബം തന്നെയാണ് എന്ന യാഥാര്‍ഥ്യത്തെ അടിവരയിടുക കൂടിയാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര.
മതത്തിന്റെ പേരിലോ മറ്റോ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള അജന്‍ഡകള്‍ ഓരോ ദിവസവുമെന്നോണം സൃഷ്ടിക്കപ്പെടുന്ന ഒരു കാലത്ത് ഇങ്ങനെയൊരു ഉദ്യമം ചരിത്രപരമാണ് എന്ന് പറയാതെ വയ്യ. ഇക്കഴിഞ്ഞ ദിവസം രാംലീല മൈതാനിയില്‍ നടന്ന പ്രതിഷേധ പരിപാടിയിലും സംഘ്പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെ തന്നെയാണ് രാഹുല്‍ അക്കമിട്ടാക്രമിക്കുന്നത്. കടുത്ത സാമ്പത്തിക അസമത്വം രാജ്യത്തിന്റെ സാമൂഹിക സന്തുലനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും മോദിയുടെ ചങ്ങാതിമാരായ ഒന്നോ രണ്ടോ കോര്‍പറേറ്റുകള്‍ക്ക് മാത്രമാണ് ഇവിടെ പുരോഗതിയുള്ളതെന്നും രാഹുല്‍ പറയുന്നു.
കഴിഞ്ഞ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ലോകസഭയില്‍ നടന്ന നന്ദി പ്രമേയ ചര്‍ച്ചയില്‍ “ഇവിടെ രണ്ട് ഇന്ത്യയുണ്ട്’ എന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം വലിയ ചര്‍ച്ചയായിരുന്നു. സാമ്പത്തിക അസമത്വങ്ങളുടെ, സാമൂഹിക ധ്രുവീകരണത്തിന്റെ “രണ്ട് ഇന്ത്യകളുള്ള കാലം’ അവസാനിപ്പിക്കുകയാണ് രാഹുലിന്റെ ദൗത്യം. സത്യം പറയുന്നവരെ ഏജന്‍സികളെ വിട്ട് ഭയപ്പെടുത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അമ്പത് മണിക്കൂറല്ല, അഞ്ച് വര്‍ഷം ഇതുതന്നെ ചെയ്താലും സത്യം വിളിച്ചുപറയാന്‍ ഒരു പേടിയുമില്ലെന്ന് വെല്ലുവിളിക്കുന്ന രാഹുല്‍ ഗാന്ധി എന്ന രാഷ്ട്രീയ നേതാവിന്റെ സ്ഥിരോത്സാഹവും കഠിനാധ്വാനവും ഭാരത് ജോഡോ യാത്രയിലൂടെ ജനങ്ങള്‍ക്കും ബോധ്യപ്പെടണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
രാഷ്ട്രീയ മേഖലയില്‍ സ്ഥിരതയുള്ള ദൃശ്യത രാഹുല്‍ നേടിയെടുക്കുന്നില്ല എന്ന വിമര്‍ശനത്തെ കൂടി ഈ പദയാത്രയിലൂടെ രാഹുല്‍ മറികടക്കേണ്ടതുണ്ട്. മുഴുവന്‍ സമയ ഇടപെടലുകളിലൂടെ മാത്രമേ ആര്‍ എസ് എസ് രാഷ്ട്രീയം ഉയര്‍ത്തുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയ വെല്ലുവിളിയെ നേരിടാനും ജയിക്കാനും സാധിക്കൂ. വിലക്കയറ്റം, തൊഴിലില്ലായ്മ, പട്ടിണി, കടക്കെണി, ചെറുകിട സംരംഭകരുടെയും വ്യവസായികളുടെയും ദുരവസ്ഥ തുടങ്ങിയ വിഷയങ്ങളെല്ലാം മുഴച്ചുനില്‍ക്കുമ്പോഴും ഇതൊന്നും ബി ജെ പിയെ ബാധിക്കാത്തത് ജനങ്ങള്‍ വര്‍ഗീയാടിസ്ഥാനത്തില്‍ ഭിന്നിച്ചിരിക്കുന്നതിനാലും തങ്ങളുടെ ക്ലേശങ്ങളുടെ മുഖ്യഹേതു ഇതര സമുദായക്കാരനോ മതേതതരത്വമോ അതിര്‍ത്തി രാജ്യമോ അതുമല്ലെങ്കില്‍ മുന്‍കഴിഞ്ഞ പ്രധാനമന്ത്രി നെഹ്‌റുവോ ആണെന്ന അബദ്ധജഢിലമായ വിശ്വാസങ്ങള്‍ രൂഢമായിരിക്കുന്നതിനാലുമാണ്. രാഹുല്‍ പറയുന്നതുപോലെ മാധ്യമങ്ങള്‍ പറയാത്ത, പാര്‍ലിമെന്റില്‍ പ്രതിപക്ഷത്തു നിന്ന് സര്‍ക്കാര്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത സത്യങ്ങള്‍ ഓരോന്നായി ജനങ്ങളെ നേരിട്ടു ബോധിപ്പിക്കുക തന്നെ വേണം.
ആദിവാസികള്‍, ദളിതുകള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍, മറ്റു പിന്നാക്കക്കാര്‍ തുടങ്ങിയവരുടെ അടിസ്ഥാന പ്രശ്‌നങ്ങളെ ഏറ്റെടുക്കാന്‍ ധൈര്യമുള്ള പ്രതിപക്ഷ സ്വരവും ശക്തിയുമുണ്ടെന്ന് അവര്‍ക്കും തോന്നണം. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ബി ജെ പിക്ക് വോട്ടുചെയ്യാന്‍ ഇഷ്ടപ്പെടാത്തവരാണ് എന്ന നിരീക്ഷണം കൊണ്ട് മാത്രം ഭരണം മാറില്ലെന്നും ബി ജെ പിയല്ലെങ്കില്‍ ഏതാണ് ബദല്‍ എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ പ്രതിപക്ഷത്തിന് കഴിയണമെന്നുമുള്ള തിരിച്ചറിവ് പരമപ്രധാനമാണ്. പന്ത്രണ്ട് സംസ്ഥാനങ്ങളിലൂടെ, നൂറ്റമ്പത് ദിവസത്തിലധികമെടുത്ത്, 3,500 കിലോമീറ്ററിലധികം രാഹുലും കൂട്ടരും നടക്കുന്നത് മുറിഞ്ഞുപോയ സൗഹൃദങ്ങളെ വീണ്ടെടുക്കാനും വെറുപ്പിനാല്‍ മുറിപ്പെട്ട ഭൂമിയെ പരിചരിക്കാനും വീണുപോയ സഖ്യങ്ങളെ വീണ്ടെടുക്കാനും മാറ്റത്തിന്റെ അനിവാര്യത ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനുമാണ്. വൈവിധ്യങ്ങളെ ആഘോഷിക്കുന്ന ഐക്യ ഭാരതത്തിനായി രാഹുല്‍ നടക്കുമ്പോള്‍ വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം വഴിമാറുമെന്നും തോറ്റുപോകുമെന്നും നമുക്ക് പ്രത്യാശിക്കാം.