Connect with us

National

രാഹുല്‍ കരുത്തന്‍; അധികാര വീഥിയില്‍ കാലിടറി മോദി

കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്‌നം കണ്ടു നടന്നിരുന്ന മോദിയെ വിറപ്പിച്ചുകൊണ്ടാണ് മറുവശത്ത് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നത്. രാഹുലിന്റെ ആത്മവിശ്വാസം മോദിക്ക് സുസ്ഥിരമായി അധികാരത്തില്‍ തുടരാന്‍ കഴിയില്ലെന്ന ആശങ്ക ശക്തമാക്കുന്നു. മോദിയേക്കാള്‍ ജനപ്രിയനായി രാഹുല്‍ രാജ്യത്ത് മാറിക്കഴിഞ്ഞു എന്നത് വിശ്വഗുരു പ്രതിച്ഛായക്കേല്‍ക്കുന്ന കടുത്ത ആഘാതമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | ബി ജെ പി ഒറ്റക്ക് കേവല ഭൂരിപക്ഷം നേടുമെന്നും നാനൂറു സീറ്റോടെ എന്‍ ഡി എ അധികാരത്തിലെത്തുമെന്നുമുള്ള മുന്‍വിധികള്‍ കാലിടറിയതോടെ നരേന്ദ്രമോദിയുടെ മൂന്നാം വട്ട അധികാരമോഹം സുഗമമായിരിക്കില്ലെന്നുറപ്പായി. ഘടകകക്ഷികളെ ആശ്രയിച്ച് അധികാരത്തിലേറേണ്ടി വന്നാല്‍ പഴയ പ്രതാപത്തിലുള്ള വിശ്വഗുരുവായി മുന്നോട്ടു പോകാന്‍ നരേന്ദ്രമോദിക്കാവില്ല. നിധീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും ആശ്രിതനായി ഭരണത്തില്‍ തുടരുന്ന സാഹചര്യം മോദി ആര്‍ജിച്ച പ്രതാപത്തെ തകര്‍ക്കും.

ആര്‍ എസ് എസ് ലക്ഷ്യമിടുന്ന വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കുന്നതിനും ഹിന്ദുരാഷ്ട്ര നിര്‍മിതിയിലേക്കുള്ള ചുവടു വയ്പ്പിനും ഒരു സഖ്യ കക്ഷി സര്‍ക്കാറിനു പിരിമിതികള്‍ ഉണ്ടാവും. 1925 ല്‍ പിറവിയെടുത്ത ആര്‍ എസ് എസ് 100വര്‍ഷം കൊണ്ട് ലക്ഷമിട്ട ഹിന്ദുരാഷ്ട്ര സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇക്കാലം കൊണ്ട് നേടിയെടുത്തത്. 2025ല്‍ ഹിന്ദുരാഷ്ട്രത്തിന്റെ തലവനായി ഒരു ആര്‍ എസ് എസുകാരന്‍ എത്തുമെന്ന പ്രതീക്ഷക്കാണ് 2024 ലെ തിരഞ്ഞെടുപ്പ് പ്രഹരമേല്‍പ്പിച്ചിരിക്കുന്നത്. സ്വന്തമായി ഭൂരിപക്ഷമില്ലാത്ത ഒരു സര്‍ക്കാറിനെ നയിച്ചുകൊണ്ട് ഹിന്ദുത്വ അജണ്ടകളൊന്നും നടപ്പാക്കാന്‍ കഴിയില്ലെന്ന സത്യം തിരിച്ചറിയുന്ന മോദി അങ്ങേയറ്റം ദുര്‍ബലനായിരിക്കും.

ഇതോടൊപ്പമാണ് അരവിന്ദ് കെജ്രിവാള്‍ ഉയര്‍ത്തിവിട്ട നരേന്ദ്രമോദിയുടെ പ്രായം സംബന്ധിച്ച ചര്‍ച്ചകള്‍. 2025 സെപ്റ്റംബറില്‍ മോദിക്ക് 75 വയസാകുമെന്നും ബി ജെ പിയിലെ സംഘടനാ തത്വം അനുസരിച്ച് മോദി സ്ഥാനമൊഴിയണമെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഇതോടെ മോദിയും ബി ജെ പിയും പ്രതിസന്ധിയിലായി. 2014ല്‍ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ അധികാരസ്ഥാനങ്ങളില്‍നിന്നു മാറ്റിനിര്‍ത്താനായി മോദി പറഞ്ഞ ന്യായം മോദിക്കും ബാധകമാണെന്ന അഭിപ്രായ സംഘപരിവാര്‍ സംഘടനകളിലും തലപൊക്കിയിട്ടുണ്ട്. മോദിയു പിന്‍ഗാമിയാവാന്‍ കാത്തിരിക്കുന്നവര്‍ തന്നെയാണ് രഹസ്യമായി ഈ കരുക്കള്‍ നീക്കുന്നത്. മോദിയുടെ വലംകൈയ്യായ അമിത്ഷായും യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും അടക്കും പലരും പ്രധാനമന്ത്രി പദം ലക്ഷ്യമിടുന്നവരാണ്.

അയോധ്യ ഉള്‍പ്പെടെയുള്ള ആത്മീയ ചൂഷണവും ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണങ്ങളും തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നു വന്നതോടെ ആയുധം നഷ്ടപ്പെട്ട അവസ്ഥയിലേക്ക് മോദി മാറുകയാണ്. കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ ലഭിക്കുമെങ്കിലും ജനവിധിയുടെ ആഘാതം മോദിയേയും ബി ജെ പിയേയും തളര്‍ത്തുന്നതാണ്. എന്തൊക്കെ പദവികളും വാഗ്ദാനങ്ങളും നല്‍കിയാലായിരിക്കും ഘടക കക്ഷികള്‍ കൂടെ നില്‍ക്കുക എന്നതു വലിയ തലവേദനയാണ്. ഏതു നിമിഷവും മറുകണ്ടം ചാടാവുന്ന നിലയിലാണ് ഘടകകക്ഷികളുടെ നില. മതേതര പാര്‍ട്ടികളാണെങ്കിലും ഗത്യന്തരമില്ലാതെ മോദി പക്ഷത്ത് എത്തിയവരാണ് നിധീഷ് കുമാറും ചന്ദ്രബാബു നായിഡുവും. മോദി വര്‍ഗീയ അജണ്ടകള്‍ പുറത്തെടുത്താല്‍ അപ്പോള്‍ വാളെടുക്കാന്‍ കരുത്തുള്ളവരാണ് രണ്ടു നേതാക്കളും.

കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്‌നം കണ്ടു നടന്നിരുന്ന മോദിയെ വിറപ്പിച്ചുകൊണ്ടാണ് മറുവശത്ത് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നത്. രാഹുലിന്റെ ആത്മവിശ്വാസം മോദിക്ക് സുസ്ഥിരമായി അധികാരത്തില്‍ തുടരാന്‍ കഴിയില്ലെന്ന ആശങ്ക ശക്തമാക്കുന്നു. മോദിയേക്കാള്‍ ജനപ്രിയനായി രാഹുല്‍ രാജ്യത്ത് മാറിക്കഴിഞ്ഞു എന്നത് വിശ്വഗുരു പ്രതിച്ഛായക്കേല്‍ക്കുന്ന കടുത്ത ആഘാതമാണ്. കഴിഞ്ഞ തവണ ഒരു മണ്ഡലത്തില്‍ പരാജയപ്പെട്ട രാഹുല്‍ ഇക്കുറി മത്സരിച്ച രണ്ട് മണ്ഡങ്ങളിലും വമ്പന്‍ ജയമാണ് സ്വന്തമാക്കിയത്. വയനാട്ടിലും റായ്ബറേലിയും രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നര ലക്ഷം കടന്നു.

മോദി വരാണസിയില്‍ നേടിയ ഭൂരിപക്ഷത്തിന്റെ ഇരട്ടിയിലധികം വയനാട്ടിലും റായ്ബറേലിയും രാഹുല്‍ സ്വന്തമാക്കി. മോദിക്ക് ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം മാത്രമാണ് നേടാനായത്. വാരാണസിയില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി വിറയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ അദ്ദേഹം ഏറെ പിന്നാക്കം പോയി. ബി ജെ പി കോണ്‍ഗ്രസ് മുക്ത ഭാരതം കിനാവു കാണുമ്പോള്‍ ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി ജനഹൃദയങ്ങളിലേക്ക് നടന്നു കയറി. ഗാന്ധി കുടുംബത്തിന്റെ സ്വന്തം മണ്ഡലം എന്ന വിശേഷണമുള്ള റായ്ബറേലി അമ്മക്ക് പകരം മകനെ ഹൃദയത്തില്‍ ഏറ്റുവാങ്ങി. സംസ്ഥാനത്തെ വലിയ ഭൂരിപക്ഷങ്ങളിലൊന്ന് റായ്ബറേലി രാഹുലിനു നല്‍കി.

കോണ്‍ഗ്രസ്സില്‍ നിന്നു പ്രമുഖര്‍ ബി ജെ പി കൂടാരത്തിലേക്ക് ഒഴുക്കിക്കൊണ്ടിരുന്ന നശിച്ച കാലത്ത് കോണ്‍ഗ്രസ്സിന്റെ നായകനാകേണ്ടിവന്ന രാഹുല്‍ ആത്മവിശ്വാസം കൈവിടാതെ നടത്തിയ പോരാട്ടങ്ങളാണ് അദ്ദേഹത്തെ ഇത്രയേറെ കരുത്തനാക്കിയത്. ഇന്ത്യാ സഖ്യമെന്ന നിലയില്‍ മതേതര ബദല്‍ കെട്ടിപ്പടുക്കുന്നതിലും രാജ്യത്താകമാനം സഞ്ചരിച്ച് ഐക്യനിര ശക്തമാക്കുന്നതിലും രാഹുല്‍ വിജയിച്ചു.

മോദിക്കു മുന്നില്‍ വെല്ലുവിളി ഉയര്‍ത്തി രാഹുല്‍ വളര്‍ന്നിരിക്കുന്നു. മോദിയാണെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കാനുള്ള പ്രായത്തില്‍ ഒരു സന്യാസ ജീവിതത്തിന്റെ പ്രതീതിയിലേക്കു ചുരുങ്ങിയിരിക്കുന്നു. ഈ ഘട്ടത്തില്‍ ഭൂരിപക്ഷമില്ലാത്ത ഒരു സര്‍ക്കാറിനെ നയിക്കാന്‍ ശേഷിയില്ലാതെ അമ്പരക്കുന്ന മോദിയെയാണ് കാണാനാവുക.

Latest