kapil sibal against congress leaders
രാഹുല്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു; നേതൃത്വം മാറല്‍ നിര്‍ബന്ധം- കപില്‍ സിബല്‍
എട്ട് വര്‍ഷമായി നടത്താത്ത ചിന്തന്‍ ശിബിര്‍ ഇപ്പോള്‍ നടത്തിയിട്ട് എന്ത് കാര്യം
ന്യൂഡല്‍ഹി | കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. നേതൃമാറ്റമില്ലാതെ ഒരു പരിഷ്‌കാരവും ഗുണം ചെയ്യില്ലെന്നും നേതൃത്വം മാറുക തന്നെ വേണമെന്നും കപില്‍ സിബല്‍ പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് കൂട്ടത്തോല്‍വിയുണ്ടായതില്‍ തനിക്ക് അത്ഭുതമില്ല. രാഹുല്‍ ഗാന്ധി ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു. പഞ്ചാബില്‍ ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തക്കാട്ടാന്‍ രാഹുലിന് എന്ത് അധികാരമാണുള്ളത്. നെഹ്‌റു കുടുംബമില്ലെങ്കില്‍ പാര്‍ട്ടിയില്ലെന്ന ചിലരുടെ മനോഭാവം മാറണം. പദവി രാജിവെച്ചിട്ടും രാഹുല്‍ പെരുമാറുന്നത് അധ്യക്ഷനെ പോലെയാണ്. 2014ന് ശേഷം പാര്‍ട്ടിവിട്ട എം പിമാരും എം എല്‍ എമാരും മാത്രം 177 പേര്‍ വരും. പാര്‍ട്ടി ഉപേക്ഷിച്ച 222 സ്ഥാനാര്‍ഥികള്‍ വേറെയും. മറ്റൊരു പാര്‍ട്ടിക്കും ഇത്തരം സഹാചര്യമില്ല.
എട്ട് വര്‍ഷമായി പാര്‍ട്ടി ചിന്തന്‍ ശിബിര്‍ നടത്തിയിട്ടില്ല. ചിന്തന്‍ ശിബര്‍ ഇപ്പോള്‍ നടത്തിയിട്ട് എന്ത് പ്രയോജനം. നേതാക്കളുടെ മനസ്സിലാണ് ചിന്തന്‍ ശിബിര്‍ നടക്കേണ്ടതെന്നും സിബല്‍ പറഞ്ഞു.
അതിനിടെ കപില്‍ സിബലടക്കമുള്ള കോണ്‍ഗ്രസിലെ വിമതരായ ജി23 നേതാക്കളുടെ യോഗം നാളെ നടക്കും. രാത്രി ഏഴിന് ഡല്‍ഹിയിലാണ് യോഗം. കേരളത്തില്‍ നിന്നുള്ള ചില നേതാക്കളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.