National
ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാഹുലിനെ അറസ്റ്റ് ചെയ്യും; ഭീഷണി മുഴക്കി അസം മുഖ്യമന്ത്രി
ഗുവാഹത്തിയിൽ അക്രമത്തിന് പ്രേരണ നൽകിയതിന് രാഹുലിനെതിരെ സിവിൽ പരാതി നൽകുമെന്നും ഹിമന്ത ബിശ്വ ശർമ
ഹിമന്ത ബിശ്വ ശർമ
ന്യൂഡൽഹി | കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി മുഴക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ഗുവാഹത്തിയിൽ രാഹുൽ അക്രമം നടത്തിയെന്ന് ആരോപിച്ചാണ് ഭീഷണി. ഗുവാഹത്തിയിൽ അക്രമത്തിന് പ്രേരണ നൽകിയതിന് രാഹുലിനെതിരെ സിവിൽ പരാതി നൽകുമെന്നും ഹിമന്ത പറഞ്ഞു.
ഗുവാഹത്തി നഗരത്തിലൂടെ അല്ലാതെ യാത്ര നയിക്കാൻ രാഹുലിനോട് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. മുവായിരം പേരും 200 വാഹനങ്ങളുമായാണ് അദ്ദേഹം വന്നത്. ഇത് എങ്ങനെ നഗരത്തിനുള്ളിൽ അനുവദിക്കും?. പോലീസുമായി അവർ വഴക്കിട്ടു. രാഹുൽ ഗാന്ധി തന്റെ ബസിൽ ഇരുന്ന് എല്ലാത്തിനും പ്രേരണ നൽകി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഞങ്ങൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്യും – ഹിമന്ത വ്യക്തമാക്കി.
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്നാരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഡിജിപിക്ക് ഹിമന്ത നേരത്തെ നിർദ്ദേശം നൽകിയിരുന്നു. അസമീസ് സംസ്‌കാരത്തിന് അന്യമായ നക്‌സലൈറ്റ് തന്ത്രങ്ങളാണ് രാഹുൽ ഉപയോഗിക്കുന്നതെന്നും ഹിമന്ത ആരോപിച്ചു.
രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ വ്യാപകമായി തടസ്സപ്പെടുത്തിയതിനെ തുടർന്ന് ചിലയിടങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പരാമർശം.
അതേസമയം, ബിജെപിക്കും ഹിമന്തക്കും എതിരെ രാഹുൽ തുറന്നടിച്ചു. രാജ്യത്ത് കാവി തരംഗം നിലനിൽക്കുന്നില്ലെന്ന് രാഹുൽ പറഞ്ഞു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രി എന്നാണ് രാഹുൽ വിശേഷിപ്പിച്ചത്.