Connect with us

Kerala

രാഹുൽ വയനാട് ഒഴിയും; റായ്ബറേലി നിലനിർത്താൻ പ്രവർത്തക സമിതിയിൽ ധാരണ

റായ്ബറേലിയോ വയനാടോ രാഹുൽ ഗാന്ധി നിലനിർത്തേണ്ടത് എന്ന വിഷയത്തിൽ ചൂടേറിയ ചർച്ചയാണ് പ്രവർത്തകസമിതിയിൽ ഉണ്ടായത്

Published

|

Last Updated

ന്യൂഡൽഹി | വയാനാട്ടിലും റായ്ബറേലിയിലും ഒരേസമയം തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിയുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇന്ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് റായ്ബറേലി നിലനിർത്തി വയാനാട് സീറ്റ് രാജിവെക്കാൻ ധാരണയായത്. ജൂൺ 17ന് മുമ്പ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. രാഹുൽ വയനാട് സന്ദർശിച്ച ശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക.

റായ്ബറേലിയോ വയനാടോ രാഹുൽ ഗാന്ധി നിലനിർത്തേണ്ടത് എന്ന വിഷയത്തിൽ ചൂടേറിയ ചർച്ചയാണ് പ്രവർത്തകസമിതിയിൽ ഉണ്ടായത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ നിന്നുള്ള അംഗങ്ങൾ രാഹുൽ വയനാട്ടിൽ തുടരണമെന്ന് ആഗ്രഹം പ്രടിപ്പിച്ചു. രാഹുൽ ഗാന്ധിയെ രണ്ടാം തവണയാ് വയനാട് തിരഞ്ഞെടുക്കുന്നതെന്നും വയനാട്ടിലെ ജനങ്ങൾ അദ്ദേഹത്തെ തങ്ങളുടെ പ്രതിനിധിയായി ആഗ്രഹിക്കുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. എന്നാൽ റായ്ബറേലി സീറ്റ് നിലനിർത്തുന്നതിനാണ് യോഗത്തിൽ കൂടുതൽ പിന്തുണ ലഭിച്ചത്.

റായ്ബറേലി സീറ്റ് രാഹുൽ നിലനിർത്തണമെന്ന് യുപി നേതാവ് ആരാധന മിശ്ര ആവശ്യപ്പെട്ടു. ഇതൊരു പരമ്പരാഗത കുടുംബ സീറ്റാണെന്നും തലമുറകളായി അതാണ് തുടർന്നുവരുന്നെതന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, 80 സീറ്റുകളുള്ള ഉത്തർപ്രദേശിൽ കോൺഗ്രസിൻ്റെ രാഷ്ട്രീയ പുനരുജ്ജീവനത്തിന് റായ്ബറേലി സീറ്റ് രാഹുൽ ഗാന്ധി നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന അഭിപ്രായവും ചർച്ചയിൽ ഉയർന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു റാലിയിൽ സോണിയ ഗാന്ധി രാഹുലിന് അധികാരം കൈമാറുകയും ‘ഞാൻ നിങ്ങൾക്ക് എൻ്റെ മകനെ തരുന്നു’ എന്ന് ജനങ്ങളോട് പറയുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധി അവിടെ കുടുംബ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമെന്നും അവർ വ്യക്തമാക്കിയിരുന്നു. അടുത്തയാഴ്ച സോണിയാ ഗാന്ധിക്കും പ്രിയങ്കയ്ക്കുമൊപ്പം അദ്ദേഹം റായ്ബറേലി സന്ദർശിക്കാനിരിക്കുകയുമാണ്.

റായ്ബറേലിയിലെ ജനങ്ങൾ ഗാന്ധി കുടുംബത്തോടുള്ള കൂറ് ഒരിക്കൽ കൂടി പ്രകടിപ്പിച്ചതാണ് ഇത്തവണ കണ്ടത്. 3.64 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്ന് വിജയിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇതിന് റായ്ബറേലി പകരം വീട്ടി.

വയനാട്ടുകാർ രാഹുൽ ഗാന്ധിയെ രണ്ടാം തവണയാണ് എംപിയാക്കുന്നത്. 2019ൽ വയനാട്ടിൽ നിന്ന് 4 ലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ ആദ്യം വിജയിച്ചത്. ഇത്തവണ മൂന്ന് ലക്ഷത്തി 64000ൽ അധികം വോട്ടുകൾക്കും അദ്ദേഹം വിജയിച്ചു.

ന്യൂഡൽഹിയിലെ അശോക ഹോട്ടലിൽ നടന്ന കോൺഗ്രസിലെ ഉന്നത തല സമിതിയായ സിഡബ്ല്യുസിയുടെ വിപുലമായ യോഗത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചും ഭാവി തന്ത്രങ്ങളെക്കുറിച്ചും സുപ്രധാന ചർച്ചകൾ നടന്നു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരെ കൂടാതെ പാർട്ടിയുടെ മറ്റ് ഉന്നത നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ പ്രതിപക്ഷ നേതാവാക്കണമെന്ന ആവശ്യം ഏകകണ്ഠമായി ഉയർന്നു . ലോക്‌സഭയിലെ പാർട്ടി നേതാവായി രാഹുൽ ഗാന്ധിയെ നിയമിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ പ്രമേയം പാസാക്കി.

 

---- facebook comment plugin here -----

Latest