bbc raid
ബി ബി സിയിലെ റെയ്ഡ് മൂന്നാം ദിവസത്തിലേക്ക്
ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പരിശോധന ഇന്നും തുടരും.
ന്യൂഡൽഹി | ബി ബി സി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന മൂന്നാം ദിവസത്തിലേക്ക്. മുംബൈയിലെയും ഡൽഹിയിലെയും ഓഫീസുകളിൽ കഴിഞ്ഞ രണ്ട് ദിവസവും പരിശോധന തുടർന്നു. നികുതി നിയമങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സർവേ എന്ന പേരിൽ റെയ്ഡ് നടത്തിയത്. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പരിശോധന ഇന്നും തുടരും.
ബി ബി സി ഇന്ത്യയുടെ മാനേജ്‌മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും കമ്പ്യൂട്ടറുകളിൽ നികുതി, ബില്ലുകൾ, കള്ളപ്പണം എന്നീ കീ വേഡുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തുകയും ചെയ്തിട്ടുണ്ട്. ചില മുതിർന്ന ജീവനക്കാരുടെ മൊബൈൽ ഫോണുകളിലെ വിവരങ്ങൾ കോപ്പി ചെയ്തതായും റിപോർട്ടുണ്ട്. ഓഫീസുകളിൽ ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്ന സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം സ്വീകരിക്കാൻ ജീവനകാർക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ ബി ബി സി ആവശ്യപ്പെട്ടു. ബ്രോഡ്കാസ്റ്റിംഗ് ഡിപാർട്ട്‌മെന്റ് ഒഴികെയുള്ള ജീവനകാർക്കാണ് വർക്ക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്തിയത്.
വ്യക്തിഗത വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കാമെന്നും എന്നാൽ, ശമ്പളവുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും ഇ മെയിൽ സന്ദേശത്തിൽ അറിയിച്ചു. ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാനും ബി ബി സി ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ഇന്നലെയും രംഗത്തെത്തി. നിയമവിരുദ്ധമായി നികുതി ആനുകൂല്യങ്ങൾ പറ്റിയിട്ടുണ്ടോ, നികുതി വെട്ടിപ്പ്, കമ്പനിയുടെ ലാഭം വഴിതിരിച്ചുവിടൽ, നിയമങ്ങൾ പാലിക്കാത്തത് തുടങ്ങിയ ആരോപണങ്ങൾ അന്വേഷിക്കുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ചില വിഷയങ്ങളിൽ ബി ബി സിക്ക് മുമ്പ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, രേഖകൾ സമർപ്പിച്ചില്ല. സർവേ പെട്ടെന്നുള്ള തീരുമാനമായിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് ബി ബി സി അധികൃതർ പ്രതികരിക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് സർവേ ആരംഭിച്ചതെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ജയ് ശ്രീറാം വിളിയുമായി ഹിന്ദുസേന പ്രവർത്തകർ ഡൽഹിയിലെ ബി ബി സി ഓഫീസിന് മുന്നിലേക്ക് മാർച്ച് നടത്തി. ഓഫീസിന് മുന്നിൽ പ്രതിഷേധ പോസ്റ്ററുകളും പതിച്ചു. ഓഫീസിന് സുരക്ഷ വർധിപ്പിക്കുന്നതിനായി കേന്ദ്ര സേനയെ വിന്യസിച്ചു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് റെയ്ഡിനെ അപലപിച്ച് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പരിശോധനയിൽ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസ്സോസിയേഷൻ ആശങ്ക രേഖപ്പെടുത്തി.