Connect with us

Kerala

കോഴിക്കോടും ചെന്നെെയിലും റെയ്ഡ് തുടരുന്നു; ഇഡിക്ക് മുന്നില്‍ ഗോകുലം ഗോപാലന്‍

ഏറെ വിവാദമായ എമ്പുരാന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ് ഗോകുലം ഗോപാലന്‍. ഈ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം നേടിയതിന് പിന്നാലെയാണ് റെയ്ഡ്.

Published

|

Last Updated

ചെന്നൈ | പ്രമുഖ വ്യവസായിയും നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടക്കുന്ന ഇഡി റെയ്ഡ് തുടരുന്നു.കോഴിക്കോട് അരയിടത്ത് പാലത്തെ ഗോകുലം മാളിനു സമീപത്തെ കോര്‍പറേറ്റ് ഓഫിസില്‍ വെച്ച് ഗോകുലം ഗോപാലനെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്. രാവിലെ പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

ഏറെ വിവാദമായ എമ്പുരാന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ് ഗോകുലം ഗോപാലന്‍. ഈ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം നേടിയതിന് പിന്നാലെയാണ് റെയ്ഡ്. എന്‍ആര്‍ഐകളുമായി 1,000 കോടി രൂപയുടെ ഫെമ ലംഘനം നടത്തിയെന്നും അനധികൃത ഇടപാടുകള്‍ നടത്തിയെന്നും ആരോപിച്ച് തമിഴ്നാട്, കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഗോകുലം ഗോപാലന്റെ വീടും ഓഫീസുകളുമായി ബന്ധപ്പെട്ട് അഞ്ച് സ്ഥലങ്ങളിലാണ് റെയ്ഡ് തുടരുന്നത്.

എംപുരാന്‍ സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സംഘപരിവാറിന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 24 ഇടങ്ങളില്‍ സിനിമ സെന്‍സര്‍ ചെയ്തിരുന്നു.എന്നാല്‍ ഇപ്പോഴത്തെ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും സിനിമയുമായി ബന്ധമില്ലെന്നാണ് ഇഡി നല്‍കുന്ന സൂചന.

അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണത്തില്‍ രണ്ടുവര്‍ഷം മുന്‍പ് ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. രാജ്യത്ത് ഉടനീളം 400ലധികം ശാഖകളാണ് ഗോകുലം ചിട്ട്‌സിന് ഉള്ളത്.

Latest