National
സ്വതന്ത്ര മാധ്യമങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന സംഘടനകളുടെ ഓഫീസുകളില്‍ റെയ്ഡ്
ദി കാരവന്‍, ദി പ്രിന്റ്, സ്വരാജ്യ തുടങ്ങിയ സ്വതന്ത്ര ഡിജിറ്റല്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഭാഗികമായി ധനസഹായം നല്‍കുന്ന സംഘടനകളാണിവ.

ന്യൂഡല്‍ഹി | സ്വതന്ത്ര മാധ്യമങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന സ്ഥാപനങ്ങളുടെയും ട്രസ്റ്റുകളു ടെയും ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് ആന്‍ഡ് ചാരിറ്റി ഓര്‍ഗനൈസേഷന്‍ ഓക്‌സ്ഫാം ഇന്ത്യ, ബെംഗളൂരു ആസ്ഥാനമായ ഇന്‍ഡിപെന്‍ഡന്റ് ആന്‍ഡ് പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന്‍ (ഐ പി എസ് എം എഫ്) തുടങ്ങിയവയുടെ ഡല്‍ഹി ഓഫീസുകളിലാണ് റെയ്ഡ്. ദി കാരവന്‍, ദി പ്രിന്റ്, സ്വരാജ്യ തുടങ്ങിയ സ്വതന്ത്ര ഡിജിറ്റല്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഭാഗികമായി ധനസഹായം നല്‍കുന്ന സ്ഥാപനങ്ങളാണിവ.
ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത് അടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന ഒരേസമയത്തുള്ള റെയ്ഡിന്റെ ഭാഗമാണ് ഡല്‍ഹിയിലെ നടപടിയെന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്‌തെങ്കിലും അംഗീകാരം ലഭിക്കാത്ത 20ലേറെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗ് അറിയാനാണ് റെയ്ഡ്. വിദേശ സംഭാവന അന്വേഷിക്കുന്നതിനാണ് ഇതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സര്‍ക്കാറുകളുടെ ചോദ്യം ചെയ്യുന്ന അന്വേഷണാത്മക വാര്‍ത്തകളുടെ പേരില്‍ പ്രസിദ്ധമായ ചില മാധ്യമങ്ങള്‍ക്ക് ഐ പി എസ് എം എഫ് ധനസഹായം നല്‍കാറുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ ടി എസ് നൈനാന്‍ ആണ് ഇതിന്റെ ചെയര്‍ പേഴ്‌സണ്‍. നടന്‍ അമോല്‍ പലേകര്‍ അടക്കമുള്ളവര്‍ ട്രസ്റ്റ് അംഗങ്ങളാണ്. പ്രേംജി, ഗോദ്‌റെജ്, നിലേകാനി അടക്കമുള്ള വ്യവസായ കുടുംബങ്ങളാണ് ഈ ട്രസ്റ്റിന് സംഭാവന നല്‍കാറുള്ളത്.