Uae
റെയിൽ ബസ് കറാമ, ദേര എന്നിവിടങ്ങളിൽ എത്തും
കുറഞ്ഞ ശബ്ദത്തോടെ പ്രവർത്തിക്കുന്നതിനാണ് റെയിൽ ബസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ദുബൈ| ദുബൈയിൽ പുതുതായി ആവിഷ്‌കരിക്കുന്ന റെയിൽ ബസിന് ദുബൈയിൽ ജനസാന്ദ്രതയുള്ള സമൂഹങ്ങളിൽ ഒന്നിലധികം സ്റ്റേഷനുകൾ/ഹബുകൾ ഉണ്ടായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ). ദുബൈ മെട്രോയും ദുബൈ ട്രാമും എത്തിച്ചേരാത്ത ഇടങ്ങളിൽ സേവനം നൽകുക എന്നതാണ് റെയിൽബസിന്റെ പ്രാഥമിക ലക്ഷ്യം.
“ദുബൈ മെട്രോയുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത കറാമ, അൽ ബർശ, ദേര എന്നിവയുടെ ഉൾപ്രദേശങ്ങളിൽ ഒരു റെയിൽബസ് ശൃംഖല ഉണ്ടായിരിക്കും.
ഒരു പ്രത്യേക പ്രദേശത്ത് റെയിൽ ബസിന് പ്രത്യേക റെയിൽ ശൃംഖല ഉണ്ടായിരിക്കും. വിശാലമായ ഇരിപ്പിടങ്ങൾക്കും നിൽക്കുന്നതിനും സൗകര്യമുള്ള രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് വാഹനങ്ങൾ. അവരുടെ അയൽപക്കങ്ങളിൽ നിന്ന് യാത്രക്കാരെ കയറ്റുകയും മെട്രോ
യിലേക്ക് എത്തിക്കുകയും ചെയ്യും.’ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.
കുറഞ്ഞ ശബ്ദത്തോടെ പ്രവർത്തിക്കുന്നതിനാണ് റെയിൽ ബസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. “ശബ്ദ മലിനീകരണം കുറയുമെന്നതിനാൽ താമസകേന്ദ്രങ്ങൾക്ക് പ്രയോജനകരമാണ്.’ അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ റെയിൽ ബസിനായുള്ള സാങ്കേതികവും സാധ്യതാപരവുമായ പഠനങ്ങൾ പൂർത്തിയാക്കാനാണ് ആർ ടി എ ലക്ഷ്യമിടുന്നത്.