National
കേരളത്തില്‍ റെയില്‍വേ വികസനം ഉറപ്പുവരുത്തണം: ഹാരിസ് ബീരാന്‍ എം പി
കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ന്ന അനാസ്ഥ പരിഹരിക്കണം.
ന്യൂഡല്‍ഹി | കേരളത്തിന്റെ റെയില്‍വേ വികസനം ഉറപ്പുവരുത്തണമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെയും സതേണ്‍ റെയില്‍വേ തിരുവനന്തപുരം ഡി ആര്‍ എമ്മിനെയും നേരില്‍ക്കണ്ടുന്നയിച്ച് ഹാരിസ് ബീരാന്‍ എം പി. റെയില്‍വേയുടെ കൈവശമുള്ള നഞ്ചന്‍കോട്ടെ 300 ഏക്കര്‍ ഭൂമി എല്ലാ കാലത്തും ചര്‍ച്ചയില്‍ വരാറുണ്ടെന്നല്ലാതെ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തിയിട്ടില്ല. കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ന്ന അനാസ്ഥ പരിഹരിക്കണമെന്ന് ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടു.
അടുത്തിടെ നിയമിതനായ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റെയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം പി കേരളത്തിന്റെ ആവശ്യങ്ങള്‍ അക്കമിട്ട് ഉന്നയിച്ചത്. നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന്‍, പുതിയ ട്രെയിനുകളും കോച്ചുകളും, തലശ്ശേരി-മൈസൂര്‍ പാത, ചെങ്ങന്നൂര്‍-പമ്പ (ശബരിമല) പാത തുടങ്ങിയ പുതിയ റെയില്‍വേ പാതകള്‍ വേണമെന്ന ആവശ്യത്തിനു പുറമെ, തിരൂര്‍ അടക്കമുള്ള മലബാറിലെ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കാത്ത റെയില്‍വേ ബോര്‍ഡിനെതിരെയുള്ള ജനരോഷവും എം പി നേരിട്ട് ബോധ്യപ്പെടുത്തി.
നീണ്ട കൂടിക്കാഴ്ചയുടെ അവസാനം എം പി ചെയര്‍മാന് നിവേദനം സമര്‍പ്പിച്ചു. പ്രശ്‌ന പരിഹാരത്തിന് സതേണ്‍ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വെ മാനേജരുമായി കൂടിയാലോചിച്ച് ഉചിത നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി. കൂടിക്കാഴ്ചക്കു ശേഷം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എം പി മാരുടെ യോഗത്തിനായി ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ ഹാരിസ് ബീരാന്‍ യോഗ ശേഷം തിരുവനന്തപുരം ഡി ആര്‍ എം ഡോ. മനീഷ് തപ്ലയാനെ നേരില്‍ കാണുകയും കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ഒപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.