From the print
റെയിൽവേ പാഴ്സൽ: തൂക്കം കൂടിയാൽ ഇനി അധിക ടിക്കറ്റ്
ഇനിമുതൽ ഒരു ടിക്കറ്റിന് 300 കിലോ വരെ തൂക്കമുള്ള പാഴ്സലേ അയക്കാനാകൂ
പാലക്കാട് | പാഴ്സൽ തൂക്കത്തിനൊപ്പം ടിക്കറ്റ് നിരക്ക് വർധിപ്പിച്ചും റെയിൽവേയുടെ കൊള്ള. പാഴ്‌സൽ അയക്കുമ്പോൾ ലഗേജ് ടിക്കറ്റ് എടുക്കണമെന്ന നിബന്ധനയിൽ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ്. ഇനിമുതൽ ഒരു ടിക്കറ്റിന് 300 കിലോ വരെ തൂക്കമുള്ള പാഴ്സലേ അയക്കാനാകൂ. തൂക്കം കൂടുന്നതിനനുസരിച്ച് അധിക ടിക്കറ്റ് എടുക്കണം. ആയിരം കിലോ അയക്കുകയാണെങ്കിൽ ഇനിമുതൽ നാല് ടിക്കറ്റ് എടുക്കേണ്ടിവരും. നാളെ മുതൽ പുതിയ നിർബന്ധന നിലവിൽ വരുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
കമ്പ്യൂട്ടർവത്കരണം നടപ്പാക്കിയതു മുതൽ അഞ്ച് മിനുട്ടിൽ താഴെ ട്രെയിൻ നിർത്തുന്ന സ്റ്റേഷനുകളിൽ നിന്ന് അയക്കുന്ന പാഴ്സലുകൾക്ക് തൂക്കത്തിനനുസരിച്ചുള്ള നിരക്കിനു പുറമെ ലഗേജ് ടിക്കറ്റ് കൂടി എടുക്കണമെന്ന നിബന്ധനയുണ്ട്. ഏത് സ്റ്റേഷനിലേക്കാണോ അയക്കുന്നത് അവിടെ വരെയുള്ള ജനറൽ ടിക്കറ്റാണ് എടുക്കേണ്ടത്. ഒരു ടിക്കറ്റിന് അയക്കാവുന്ന തൂക്കത്തിന് പരിധിയുണ്ടായിരുന്നില്ല. ഇപ്പോൾ തൂക്കത്തിന് റെയിൽവേ പരിധി വെച്ചിരിക്കുകയാണ്.
രണ്ട് മാസം മുമ്പ് പാഴ്സൽ നിരക്കിലും റെയിൽവേ വർധന വരുത്തിയിരുന്നു. ഇതിന് പുറമെയാണ് തൂക്കത്തിനനുസരിച്ച് ടിക്കറ്റ് നിരക്കും കൂട്ടിയത്. റെയിൽവേയിൽ പാഴ്‌സൽ അയക്കുന്നതിന് സ്വകാര്യ കൊറിയർ സർവീസിനേക്കാൾ ചെലവ് കുറവാണ്. ചെറുകിട കച്ചവടക്കാർ നിലവിൽ പാഴ്‌സൽ അയക്കുന്നതിന് റെയിൽവേയെയാണ് ആശ്രയിക്കുന്നത്. റെയിൽവേയുടെ പുതിയ ഉത്തരവ് ചെറുകിട കച്ചവടക്കാരെയാണ് കൂടുതൽ ബാധിക്കുക.