National
ഷണ്ടിംഗിനിടെ ട്രെയിൻ കോച്ചുകൾക്കിടയിൽ കുടുങ്ങി റെയിൽവേ പോർട്ടർ മരിച്ചു
കപ്ലിംഗ് തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ ട്രെയിൻ അപ്രതീക്ഷിതമായി പിന്നോട്ടു നീങ്ങുകയും അമർ കുമാർ കോച്ചുകൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു.
ന്യൂഡൽഹി | ബീഹാറിലെ ബറൗണി ജംഗ്ഷനിൽ ഷണ്ടിംഗ് പ്രവർത്തനത്തിനിടെ റെയിൽവേ പോർട്ടർ ട്രെയിൻ കോച്ചുകൾക്കിടയിൽ കുടുങ്ങി മരിച്ചു. സോൻപൂർ റെയിൽവേ ഡിവിഷനിൽ ജോലി ചെയ്യുന്ന അമർ കുമാർ റാവുവാണ് മരിച്ചത്.
ലക്‌നൗ-ബറൗണി എക്‌സ്‌പ്രസ് (നമ്പർ 15204) ലക്‌നൗ ജംഗ്ഷനിൽ നിന്ന് എത്തിയപ്പോൾ ബറൗണി ജംഗ്ഷനിലെ 5-ാം നമ്പർ പ്ലാറ്റ്‌ഫോമിൽ ജോലി ചെയ്യുന്നതിനിടയിലാണ് അപകടം. കപ്ലിംഗ് തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ ട്രെയിൻ അപ്രതീക്ഷിതമായി പിന്നോട്ടു നീങ്ങുകയും അമർ കുമാർ കോച്ചുകൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു.
നാട്ടുകാർ അലറിവിളിച്ചതോടെ എഞ്ചിൻ പിന്നോട്ട് നീക്കുകയോ അപകടം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യാതെ ലോക്കോ പൈലറ്റ് ട്രെയിനിൽ നിന്ന് ഇറങ്ങി രക്ഷപ്പെട്ടു. അമർ കുമാർ റാവു സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
രണ്ട് കൊച്ചുകളുടെ ഇടയിൽ കുടുങ്ങിക്കിടക്കുന്ന അമർ കുമാറിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
റെയിൽവേ അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.