Connect with us

National

ചരക്കു ബോഗി നിർമാണത്തിൽ ചരിത്രം കുറിച്ച് റെയിൽവേ; ഈ സാമ്പത്തിക വർഷം നിർമിച്ചത് 41,929 വാഗണുകൾ

2025 സാമ്പത്തിക വർഷം 7,134 കോച്ചുകളും നിർമിച്ചു

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യൻ റെയിൽവേ നടപ്പ് സാമ്പത്തിക വർഷം (FY25) എക്കാലത്തെയും ഉയർന്ന ചരക്കു ബോഗികളുടെ (വാഗൺ) ഉത്പാദനം രേഖപ്പെടുത്തി. 2024-25 സാമ്പത്തിക വർഷം 41,929 വാഗണുകളാണ് റെയിൽവേ നിർമിച്ചത്. 2023-24 സാമ്പത്തിക വർഷത്തെ (FY24) 37,650 എന്ന കണക്കാണ് ഇതോടെ മറികടന്നതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

2004-2014 കാലഘട്ടത്തിലെ വാർഷിക ശരാശരിയായ 13,262 വാഗണുകളിൽ നിന്ന് ഇത് ശ്രദ്ധേയമായ മുന്നേറ്റമാണ്. ഇത് രാജ്യത്തിന്റെ ഉത്പാദന ശേഷിയുടെയും കാര്യക്ഷമതയുടെയും ഗണ്യമായ വളർച്ചയെയാണ് സൂചിപ്പിക്കുന്നത് എന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൊത്തം 1,02,369 വാഗണുകൾ ഉത്പാദിപ്പിക്കാൻ സാധിച്ചു. ഇത് റെയിൽവേയുടെ ചരക്ക് ഗതാഗത ശേഷി വർദ്ധിപ്പിക്കും. ഈ വളർച്ച ചരക്ക് ഗതാഗതത്തിലെ തടസ്സങ്ങൾ കുറയ്ക്കുകയും റെയിൽ കാർഗോയുടെ നീക്കം സുഗമമാക്കുകയും ചെയ്യും.

കൂടുതൽ വാഗണുകൾ ലഭ്യമാകുന്നതോടെ ഗതാഗത തടസ്സങ്ങൾ ഗണ്യമായി കുറയും. കൽക്കരി, സിമന്റ്, സ്റ്റീൽ തുടങ്ങിയ വലിയ തോതിലുള്ള ചരക്ക് ഗതാഗതത്തെ ആശ്രയിക്കുന്ന വ്യവസായങ്ങൾക്ക് ഇത് വേഗത്തിലുള്ള ചരക്ക് നീക്കവും മെച്ചപ്പെട്ട കാര്യക്ഷമതയും ഉറപ്പാക്കും. റോഡ് വഴിയുള്ള ചരക്ക് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ ഇന്ധന ഉപഭോഗവും മലിനീകരണവും കുറയ്ക്കാനും ഇത് സഹായിക്കും.

അതേസമയം, ഇന്ത്യൻ റെയിൽവേ 2025 സാമ്പത്തിക വർഷം 7,134 കോച്ചുകൾ നിർമ്മിച്ച് മറ്റൊരു സുപ്രധാന നാഴികക്കല്ലും പിന്നിട്ടു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (FY24) 6,541 കോച്ചുകളിൽ നിന്ന് ഇത് 9 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 4,601 നോൺ-എസി കോച്ചുകൾ ഉത്പാദിപ്പിച്ചു കൊണ്ട് ഈ വിഭാഗത്തിന് പ്രത്യേക ഊന്നൽ നൽകിയിരുന്നു.

റെയിൽവേ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2004-14 കാലഘട്ടത്തിലെ വാർഷിക ശരാശരി കോച്ച് ഉത്പാദനം 3,300 ആയിരുന്നത് 2014-24ൽ 5,481 ആയി ഉയർന്നു. കഴിഞ്ഞ ദശകത്തിൽ മൊത്തം 54,809 കോച്ചുകൾ നിർമ്മിച്ചു.

Latest