Kerala
ഉത്സവ കാലത്ത് റെയിൽവേയിൽ ഇനി സ്പെഷ്യൽ ഭക്ഷണം
വെജിറ്റബിൾ ഭക്ഷണത്തിനൊപ്പം നോൺ വെജ് ഭക്ഷണവും ഒരുക്കിയതായി അധികൃതർ വ്യക്തമാക്കി.
പാലക്കാട് | ഉത്സവ കാലത്ത് പ്രത്യേക ഭക്ഷണമൊരുക്കി റെയിൽവേ. നവരാത്രി, ദുർഗാ പൂജയോടാനുബന്ധിച്ചാണ് തീവണ്ടികളിൽ യാത്രക്കാരുടെ സൗകര്യാർഥം ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ( ഐ ആർ സി ടി) പ്രത്യേക ഭക്ഷണമൊരുക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുത്ത 200 ഓളം സ്റ്റേഷനുകളിലാണ് ഒക്ടോബർ അഞ്ച് വരെ യാത്രക്കാർക്കായി പ്രത്യേക ഭക്ഷണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം നവരാത്രി സ്പെഷ്യൽ ഭക്ഷണം നൽകിയിരുന്നു. എന്നാൽ ഇത്തവണ അതിവിപുലമായാണ് റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണം ഒരുക്കുന്നത്. പോയ വർഷം 40 ഓളം സ്റ്റേഷനുകളിൽ മൂന്ന് സാധനങ്ങൾ മാത്രമാണ് ലഭ്യമായതെങ്കിൽ ഇത്തവണ നവരാത്രി മെനുവായ ഗോതമ്പ് വട, കിച്ചടി, സ്വീറ്റ് ലസ്സി, പാൽപായസം എന്നിവക്ക് പുറമെ പൊറോട്ട, ആലു പൊറോട്ട തുടങ്ങി വിഭവ സമൃദ്ധമായ ഭക്ഷണമാണൊരുക്കുന്നത്. ദുർഗാ പൂജയോടനുബന്ധിച്ച് കൊൽക്കത്തയിൽ മാത്രമാണ് സ്പെഷ്യൽ ഭക്ഷണം ലഭ്യമാകുക. വെജിറ്റബിൾ ഭക്ഷണത്തിനൊപ്പം നോൺ വെജ് ഭക്ഷണവും ഒരുക്കിയതായി അധികൃതർ വ്യക്തമാക്കി.
ഫുഡ് ഓൺ ട്രാക്ക് ആപ്പിലോ ഐ ആർ സി ടി സിയുടെ ഇ-കാറ്ററിംഗ് വെബ്‌സൈറ്റിലോ 1323 എന്ന നമ്പറിലോ യാത്രക്കാർക്ക് ഭക്ഷണം ഓർഡർ ചെയ്യാം. നവരാത്രി ആളുകൾ എട്ട് മുതൽ ഒമ്പത് ദിവസം വരെ വ്രതമെടുക്കുന്ന സമയമാണ്. അതിനാലാണ് ഇത്തരത്തിൽ റെയിൽവേ ഭക്ഷണ ക്രമം ആരംഭിച്ചത്.