Kerala
പാലക്കാട് ഡിവിഷന്‍ വിഭജിച്ച് പുതിയ മാംഗ്ലൂര്‍ ഡിവിഷന്‍ രൂപീകരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് റെയില്‍വേ പിന്‍മാറണം; ജോണ്‍ ബ്രിട്ടാസ് എം പി
പാലക്കാട് ഡിവിഷന്‍ വിഭജിച്ച് സേലം ഡിവിഷന്‍ രൂപീകരിച്ചതു തന്നെ കേരളത്തിന് തിരിച്ചടിയായിരുന്നു.

പാലക്കാട്| പാലക്കാട് ഡിവിഷന്‍ വിഭജിച്ച് പുതിയ മാംഗ്ലൂര്‍ ഡിവിഷന്‍ രൂപീകരിക്കാനുള്ള തീരുമാനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം പി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. തീരുമാനം നടപ്പിലായാല്‍ പാലക്കാട് ഡിവിഷന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല കേരളം റെയില്‍വേ ഭൂപടത്തില്‍ പിന്തളളപ്പെടുമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
യാത്രക്കാരുടെ എണ്ണത്തിലും വരുമാന വര്‍ധനയിലുമടക്കം മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് പാലക്കാട് ഡിവിഷന്‍ കാഴ്ച വയ്ക്കുന്നത്. പുതിയ മാംഗ്ലൂര്‍ ഡിവിഷന്‍ രൂപീകരിക്കും എന്നുള്ള റിപ്പോര്‍ട്ടുകള്‍ കേരളത്തിനെതിരായ വലിയ ഗൂഢാലോചനയുടെ ഭാഗമാണ്. നീതികരിക്കാനാകാത്ത നീക്കമാണിത്. ഇക്കൊല്ലം മേയ്മാസം റെയില്‍വേ പുറത്തിറക്കിയ പത്രപ്രസ്താവനയ്ക്ക് വിരുദ്ധമാണ് ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍. പുതിയ പദ്ധതികളില്ലെന്നും പാലക്കാട് ഡിവിഷന്‍ വിഭജിച്ച് പുതിയ ഡിവിഷന്‍ രൂപീകരിക്കില്ലെന്നതും അടക്കമുള്ള കാര്യങ്ങളാണ് റെയില്‍വേയുടെ അന്നത്തെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.
പാലക്കാട് ഡിവിഷന്‍ വിഭജിച്ച് സേലം ഡിവിഷന്‍ രൂപീകരിച്ചതു തന്നെ കേരളത്തിന് തിരിച്ചടിയായിരുന്നു. ഭരണപരമായ പുന:സംഘടനയ്‌ക്കെന്ന പേരില്‍ നടക്കുന്ന പുതിയ മാംഗ്ലൂര്‍ ഡിവിഷന്‍ രൂപീകരണം പാലക്കാട് ഡിവിഷന് എതിരാണ്. ലക്ഷക്കണക്കിന് യാത്രക്കാരെ ഇത് ദോഷകരമായി ബാധിക്കുകയും ചെയ്യും.
കേരളത്തോടുള്ള റെയില്‍വേയുടെ നിരന്തര അവഗണന തുടരുകയാണ്. പുതിയ ട്രാക്കുകള്‍, പുതിയ വന്ദേഭാരത് അടക്കം കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍, സില്‍വര്‍ ലൈന്‍ പദ്ധതി അടക്കമുള്ള വിഷയങ്ങളില്‍ കേരളത്തോടുള്ള റെയില്‍വേയുടെ അവഗണന തുടരുകയാണ്. കേരളം ആസ്ഥാനമാക്കി പുതിയ റെയില്‍വേ സോണ്‍ വേണമെന്ന ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. കേരളത്തിന് നേരത്തെ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറിയും നിരസിക്കപ്പെട്ടു. കേരളം റെയില്‍വേയ്ക്ക് നല്‍കുന്ന വരുമാനത്തിന് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യവികസനം റെയില്‍വേ നടത്തുന്നില്ല.
കേരളത്തിന്റെ ഈ ആശങ്കകള്‍ പരിഗണിച്ച് പുതിയ ഡിവിഷന്‍ രൂപീകരിക്കാനുള്ള നീക്കത്തില്‍ നിന്ന് അടിയന്തരമായി പിന്മാറാന്‍ അധികൃതരോട് നിര്‍ദേശിക്കണമെന്നും കേരളത്തിന് അര്‍ഹമായ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും ജോണ്‍ ബ്രിട്ടാസ് എം പി കത്തിലൂടെ ആവശ്യപ്പെട്ടു.