Connect with us

agriculture

വില്ലനായി മഴ; കാപ്പി കർഷകർ ആശങ്കയിൽ

കഴിഞ്ഞ വർഷം മഴ നേരത്തേ ലഭിച്ചതിനാൽ 30 ശതമാനം കാപ്പിയും വിളവെടുപ്പിന് പാകമായി കഴിഞ്ഞു

Published

|

Last Updated

കൽപ്പറ്റ | കാപ്പി കർഷകരെ വലച്ച് മൂടിക്കെട്ടിയ കാലാവസ്ഥയും ഇടവിട്ടുള്ള മഴയും. വിളവെടുപ്പ് സീസൺ അടുത്തപ്പോൾ കാപ്പിക്കുരു പറിക്കാനും ഉണക്കാനും കഴിയാത്ത സാഹചര്യമാണ് ജില്ലയിലുള്ളത്. കഴിഞ്ഞ വർഷം മഴ നേരത്തേ ലഭിച്ചതിനാൽ 30 ശതമാനം കാപ്പിയും വിളവെടുപ്പിന് പാകമായി കഴിഞ്ഞു.

പറിക്കുന്ന കാപ്പി എട്ട് മുതൽ പത്ത് ദിവസം വരെ വെയിലത്ത് ഉണക്കണം. എന്നാൽ, മഴ തുടരുന്നതിനാൽ ഇത് സാധ്യമല്ല. ഇതോടെ മൂത്തുപഴുത്ത കാപ്പിക്കുരു അഴുകി കൊഴിയുകയാണ്. നിലത്ത് വീണവ ഈർപ്പമേറ്റ് നശിക്കുകയും ചെയ്യുന്നു. വിളവെടുപ്പ് നീളാനും മഴ കാരണമാകുന്നുണ്ട്. ഇന്ത്യയിലെ കാപ്പി ഉത്പാദനത്തിന്റെ 21 ശതമാനവും വയനാട്ടിലാണ്. 1,66,519 ഏക്കറിൽ കാപ്പി കൃഷി ചെയ്യുന്നുണ്ട്. ജില്ലയിലെ ഒരേക്കറിലെ കാപ്പിയുടെ വിളവ് ശരാശരി 260 കിലോ മാത്രമാണ്. ഇതിന് കിട്ടുന്ന വിലയുടെ 70 ശതമാനവും ഉത്പാദന ചെലവിന് മാറ്റിവെക്കണം. കാലാവസ്ഥയിലുണ്ടാകുന്ന തുടർച്ചയായ വ്യതിയാനങ്ങൾ ഒന്നര ലക്ഷത്തോളം വരുന്ന ദരിദ്ര കർഷകരുടെ ഉപജീവന മാർഗം വഴിമുട്ടിക്കുന്ന സ്ഥിതിയാണ്.

ഈ സാഹചര്യത്തിലാണ് വയനാട് കർഷക കൂട്ടായ്മ മുന്നോട്ട് വെച്ച കാപ്പി പൾപ്പിംഗ് യൂനിറ്റുകൾക്ക് പ്രാധാന്യമേറുന്നത്. പഞ്ചായത്തടിസ്ഥാനത്തിൽ കാപ്പി പൾപ്പിംഗ് യൂനിറ്റുകൾ സ്ഥാപിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അനുവദിക്കണമെന്നാണ് ആവശ്യം. പൾപ്പിംഗ് നടത്തിയ കാപ്പി രണ്ടോ മൂന്നോ ദിവസം കൊണ്ട് വെയിൽ ഇല്ലെങ്കിലും ഉണക്കിയെടുക്കാം. ഇങ്ങനെ ഉണക്കുന്നതിലൂടെ സമയം ലാഭിക്കുന്നതോടൊപ്പം വിലയും കിട്ടും. 4,200 രൂപയാണ് 54 കിലോ കാപ്പിയുടെ ഇന്നലത്തെ വില. 2012 ഒക്ടോബറിൽ 150 രൂപയിലധികം വില ലഭിച്ചിരുന്ന കാപ്പിക്ക് ഇന്നലെ 132 രൂപയാണ് വില.

വിലക്കുറവും ഉത്പാദനക്കുറവും ഉത്പാദന ചെലവിലെ വർധനവും പ്രതികൂലമായി നിലനിൽക്കുന്നതിനിടയിൽ കാലാവസ്ഥ കൂടി വില്ലനായതോടെ കാപ്പി കർഷകർക്ക് പിടിച്ചുനിൽക്കാനാകാത്ത അവസ്ഥയാണ്. പഴുത്ത കാപ്പി വിളവെടുക്കാനാകാതെ നട്ടംതിരിയുന്നതിനിടെ കാപ്പി പൂത്തതും ഇരുട്ടടിയായി.

Latest