Uae
യു എ ഇയിൽ പലയിടങ്ങളിലും മഴ
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അനുസരിച്ച്, ഷാർജയിലെയും അബൂദബിയിലെയും ചില പ്രദേശങ്ങളിലും നേരിയ മഴ പെയ്തു.
ദുബൈ | യു എ ഇയിൽ പലയിടങ്ങളിലും വ്യാപകമായി മഴ ലഭിച്ചു. എല്ലായിടത്തും ആകാശം മേഘാവൃതമായിരുന്നു. തണുത്ത അന്തരീക്ഷം തുടർന്നു.ഇന്നലെ പകൽ മുഴുവൻ ആകാശം മൂടിക്കെട്ടിയ അവസ്ഥയായിരുന്നു. ദുബൈ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തതോടെ കാലാവസ്ഥ പെട്ടെന്ന് മാറി. പാം ഐലൻഡ്, ജബൽ അലി, ഹിസ സ്ട്രീറ്റ്, ദുബൈ ഇൻഡസ്ട്രിയൽ ഏരിയ, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുൾപ്പെടെയുള്ള പ്രധാന പ്രദേശങ്ങളിൽ മിതമായ മഴ പെയ്തു.
നേരിയ ശൈത്യകാല കാറ്റിന്റെ അകമ്പടിയോടെയാണ് മഴ പെയ്തത്. രാവിലെ തിരക്കേറിയ സമയങ്ങളിൽ നനഞ്ഞ റോഡുകളിൽ അധിക ജാഗ്രത പാലിക്കണമെന്ന് യാത്രക്കാർക്കും പുറം തൊഴിലാളികൾക്കും ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) നിർദേശം നൽകി.
സുരക്ഷിതമായി വാഹനമോടിക്കാനും ഗതാഗത നിയമങ്ങൾ പാലിക്കാനും അഭ്യർഥിച്ചു. മഴക്കാലത്ത് ഡ്രൈവർമാർ ലോ ബീം ഹെഡ്്ലൈറ്റുകൾ ഓണാക്കണം. വെള്ളത്തിലൂടെ വാഹനമോടിച്ചാൽ ശേഷം ബ്രേക്കുകൾ പരിശോധിക്കണം. താഴ്്വരകളിൽ നിന്നും വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്നും അകന്നു നിൽക്കണം. വാഹനത്തിന്റെ വിൻഡ്ഷീൽഡ് വൈപ്പറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സാവധാനത്തിൽ വാഹനമോടിക്കണം. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം കാലാവസ്ഥാ മാറ്റ വാർത്ത ഉൾക്കൊള്ളുക.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അനുസരിച്ച്, ഷാർജയിലെയും അബൂദബിയിലെയും ചില പ്രദേശങ്ങളിലും നേരിയ മഴ പെയ്തു. മഴയും മൂടൽമഞ്ഞും കാരണം വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദബി പോലീസ് ആവശ്യപ്പെട്ടു. ചില സ്ഥലങ്ങളിൽ വേഗ പരിധി കുറച്ചു.