Kerala
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസിലെത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
തിരുവനന്തപുരം| സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവില്‍ തെക്കന്‍ തമിഴ്നാടിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. തെക്ക് – കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായാണ് ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നത്. ഒക്ടോബര്‍ 17 ഓടെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപ്പിക്കാനുള്ള സാധ്യതയാണ് കണക്കാക്കുന്നത്.
ചൊവ്വാഴ്ചയോടെ ചക്രവാതച്ചുഴി, ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചാല്‍ തുടര്‍ന്നുള്ള 48 മണിക്കൂറില്‍ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതുകൊണ്ടുതന്നെ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായതോ ഇടത്തരം തീവ്രതയോടെയോ ഉള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് പറയുന്നു. ഒക്ടോബര്‍ 15 മുതല്‍ 19 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് സംസ്ഥാനത്ത് 12 ജില്ലകളിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇപ്പോള്‍ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസിലെത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളില്‍ വേണ്ട സഹായങ്ങള്‍ എത്തിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പൂര്‍ണ്ണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങള്‍ക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.