Connect with us

International

റെയ്സിയുടെ മൃതദേഹം തബ്രീസിലേക്ക് മാറ്റി; ഖബറടക്കം നാളെ; ഇറാനിൽ അഞ്ച് ദിവസത്തെ ദുഃഖാചരണം

മൃതദേഹങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും അവസാനിപ്പിച്ചതായി ഇസ്‌ലാമിക് റിപ്പബ്ലിക് റെഡ് ക്രെസന്റ് സൊസൈറ്റി

Published

|

Last Updated

ടെഹ്റാൻ | ഹെലികോപ്ടര്‍ തകർന്നുവീണ് മരിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈയുടെയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ല ഹിയാന്‍റെയും മറ്റു സഹയാത്രികരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെടുത്തു. മൃതദേഹങ്ങൾ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലെ തബ്രിസ് നഗരത്തിലേക്ക് കൊണ്ടുപോയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖബറടക്കം നാളെ നടക്കും.

മൃതേദഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ആയത്തുല്ല അലി ഖുമേനി നേതാക്കൾ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്ത് അഞ്ച് ദിവസത്തേക്ക് ദുഃഖാചരണവും അദ്ദേഹം പ്രഖ്യാപിച്ചു. കോപ്റ്ററിലുണ്ടായിരുന്ന എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും അവസാനിപ്പിച്ചതായി ഇസ്‌ലാമിക് റിപ്പബ്ലിക് റെഡ് ക്രെസന്റ് സൊസൈറ്റിയും അറിയിച്ചു.

ഞായറാഴ്ച വൈകീട്ടാണ് ഇബ്റാഹീം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് അദ്ദേഹമടക്കം ഒൻപത് പേർ കൊല്ലപ്പെട്ടത്. അസര്‍ബൈജാനില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇബ്രാഹീം റെയ്സി. മൂന്ന് ഹെലിക്കോപ്റ്ററുകളിലായിട്ടാണ് പ്രസിഡന്റും സംഘവും ഇറാനിലേക്ക് മടങ്ങിയിരുന്നത്. എന്നാല്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ ലക്ഷ്യ സ്ഥാനത്ത് എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോപ്റ്റർ മലയിടുക്കിൽ തകർന്നുവീണതായി കണ്ടെത്തിയത്. സണ്‍ഗുണ്‍ എന്ന ചെമ്പ് ഖനിക്ക് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. ഇറാനിലെ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ജോല്‍ഫയ്ക്കും വര്‍സാഖാനും ഇടയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. മോശം കാലാവസ്ഥയും കനത്ത മൂടൽ മഞ്ഞും കാരണംകോപ്റ്റർ ഇടിച്ചിറക്കുകയായിരന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അപകടം കഴിഞ്ഞ് ഏറെ മണിക്കൂറുകൾക്ക് ശേഷമാണ് അപകട സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായത്. ഇന്ന് രാവിലെയോടെ കോപ്റ്ററിന്റെ അവശിഷ്ടങ്ങൾ മലയിടുക്കിൽ കണ്ടെത്തി. പിന്നെയും ഏറെ സമയത്തെ തിരച്ചിലിന് ഒടുവിലാണ് റെയ്സിയുടെയും മറ്റുള്ളവരുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെടുക്കാനായത്.

മൃതദേഹങ്ങൾ തബ്രിസിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തും. തുടർന്ന് നാളെ അവിടെ വെച്ച് ഔദ്യോഗിക സംസ്കാര നടപടികൾ പൂർത്തീയാക്കും. പിന്നീട് രാജ്യ തലസ്ഥാനമായ ടെഹ്റാനിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദർശനത്തിന് വെക്കും. വിവിധ രാഷ്ട്ര നേതാക്കൾ ഉൾപ്പെടെ പ്രമുഖർ റെയ്സിക്ക് അന്ത്യോപചാരമർപ്പിക്കാൻ ഇവിടെ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

ടെഹ്റാനിൽ നിന്ന് മൃതദേഹങ്ങൾ പിന്നീട് റെയ്സിയുടെ ജന്മനാടായ മഷ്ഹദ് നഗരത്തിലേക്ക് മാറ്റിയേക്കുമെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. റെയ്സിയുടെ ജനിച്ചു വളർന്നതും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചതും ഈ നഗരത്തിലാണ്. ഇതിന് പുറമെ ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട മതകേന്ദ്രം കൂടിയാണ് മഷ്ഹദ് നഗരം. ഇവിടെയായിരിക്കും മൃതദേഹം ഖബറടക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.

Latest