Connect with us

Minimum Marriageable Age of Girls

വിവാഹപ്രായം ഉയർത്തൽ; വ്യാപക പ്രതിഷേധം

പുരോഗമനപരമല്ലെന്ന് ഇടത് വനിതാ സംഘടനകൾ. മുസ്‌ലിം ലീഗ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

Published

|

Last Updated

ന്യൂഡൽഹി | പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്ന ബില്ലിനെതിരെ പ്രതിഷേധവുമായി ഇടത് സംഘടനകളും. കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ ബില്ലിനെതിരെ സി പി എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടും സി പി എം വനിതാ സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസ്സോസിയേഷനും രൂക്ഷ വിമർശവുമായി രംഗത്തെത്തി. വിവാഹപ്രായം ഉയർത്തുന്നതിനെ പിന്തുണക്കാനാകില്ലെന്നും പതിനെട്ടാം വയസ്സിൽ വോട്ട് ചെയ്യാനാകുന്ന പെൺകുട്ടിക്ക് വിവാഹത്തിനും അവകാശമുണ്ടെന്നും അതിനെതിരാണ് പുതിയ നീക്കമെന്നും ബൃന്ദ കാരാട്ട് പ്രതികരിച്ചു. പുതിയ തീരുമാനം വിപരീത ഫലമാണ് ഉണ്ടാക്കുകയെന്ന് ജനാധിപത്യ മഹിളാ അസ്സോസിയേഷൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

കേന്ദ്ര മന്ത്രിസഭാ തീരുമാനത്തോട് ശക്തമായി വിയോജിക്കുന്നു. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ നിറവേറ്റുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ട നിലവിലെ സാഹചര്യത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ നടത്തുന്ന നീക്കം തീർത്തും ഫലപ്രദമല്ല. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് ഇഷ്ടമുള്ള ഇണയെ തിരഞ്ഞെടുക്കുന്നതിനെ തടയുന്നതിന് കാരണമാകും. അതുകൊണ്ട് തന്നെ ഈ നീക്കം വിപരീതഫലമുണ്ടാക്കും. ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യുക എന്നത് തന്നെ വലിയ വെല്ലുവിളിയായ സമൂഹത്തിൽ ഈ നിയമം പെൺകുട്ടികളുടെ ലൈംഗികതയെ നിയന്ത്രിക്കുന്നതിനുള്ള മാർഗമായി പ്രവർത്തിക്കുമെന്നും ജനാധിപത്യ മഹിളാ അസ്സോസിയേഷൻ വ്യക്തമാക്കി.

പഠനങ്ങളും അനുഭവങ്ങളും തെളിയിക്കുന്നത് ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധങ്ങൾ പോലും പലതരത്തിലും ക്രിമിനൽവത്കരിക്കപ്പെടുന്നുവെന്നാണ്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന ആൺകുട്ടി ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അത്തരം നടപടി സ്ത്രീകളുടെ സ്വകാര്യതക്കും സ്വയം നിർണയാവകാശത്തിനുമുള്ള അടിസ്ഥാന ഭരണഘടനാ അവകാശങ്ങളെ ബാധിക്കുമെന്നും അസ്സോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. ലിംഗസമത്വം കൊണ്ടുവരാൻ സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തണമെന്ന വാദം തെറ്റാണെന്നും ജാനിധിപത്യ മഹിളാ അസ്സോസിയേഷൻ വ്യക്തമാക്കി. ആൺകുട്ടികളുടെ വിവാഹപ്രായം 18 ആയി നിജപ്പെടുത്തണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം 18ാം നിയമ കമ്മീഷനും ശിപാർശ ചെയ്തിരുന്നു. ഇത് ആൺകുട്ടിയെ വിവിധ ക്രിമിനൽ ശിക്ഷകൾക്ക് വിധേയരാക്കുന്നതിൽ നിന്ന് തടയുന്നതിന് വേണ്ടിയായിരുന്നുവെന്നും സി പി എം വനിതാ സംഘടന വ്യക്തമാക്കി.

ബിലിനെതിരെ സി പി ഐ നേതാവ് ആനി രാജയും സമാന നിലപാട് അറിയിച്ചിരുന്നു. മറ്റ് ഇടത് വനിതാ സംഘടനകൾക്കും സമാനമായ നിലപാടാണുള്ളത്. വിഷയത്തിൽ പാർലിമെന്റിന്റെ ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് മുസ്‌ലിം ലീഗ് എം പിമാർ നോട്ടീസ് നൽകിയിരുന്നു. ഇ ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക്‌സഭയിലും പി വി അബ്ദുൽ വഹാബ് രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മുസ്‌ലിം വ്യക്തി നിയമത്തിലേക്കുള്ള കടന്നുകയറ്റമാണ് ബില്ലെന്നും ഇത്തരം നീക്കങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും എം പിമാർ അടിയന്തര പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. ബില്ലിനെതിരെ വനിതാ സംഘടനകളിൽ നിന്ന് തന്നെ എതിർപ്പ് ഉയരുന്നത് കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കും.

ആശങ്കയിൽ രക്ഷിതാക്കൾ

കോഴിക്കോട് | പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കാനുള്ള നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് രക്ഷിതാക്കൾ. ഇതിനകം 18നും 21നും ഇടയിൽ പ്രായമുള്ള നിരവധി പെൺകുട്ടികളുടെ വിവാഹം നിശ്ചയിച്ചിട്ടുണ്ട്. പുതിയ നിയമം പ്രാബല്യത്തിലായാൽ ഇവർ ആശയക്കുഴപ്പത്തിലാകും. മാസങ്ങൾക്ക് മുമ്പേയാണ് പല വിവാഹ നിശ്ചയങ്ങളും നടന്നതെന്നതിനാൽ കേന്ദ്ര സർക്കാറിന്റെ തീരുമാനം യഥാർഥത്തിൽ രക്ഷിതാക്കൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുക.
വിവാഹം നടത്താൻ 21 വയസ്സ് പൂർത്തിയാകാൻ കാത്തിരിക്കേണ്ടി വരും. എന്നാൽ, നിലവിൽ വിവാഹം നിശ്ചയിച്ചവർക്ക് നിയമത്തിൽ ഇളവ് നൽകുമോയെന്ന് വ്യക്തമല്ല.