National
മറാത്തി ജനതയുടെ താൽപ്പര്യത്തിനായി ഒന്നിക്കാൻ തയ്യാറാണെന്ന് രാജ് താക്കറെയും ഉദ്ധവ് താക്കറെയും
ശിവസേന സ്ഥാപകനായ ബാല് താക്കറെയുടെ രാഷ്ട്രീയ പിന്തുടർച്ചയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് രാജ് താക്കറെയും ഉദ്ദവ് താക്കറെയും വഴിപിരിഞ്ഞത്.

മുംബൈ | മഹാരാഷ്ട്ര നവനിർമ്മാൺ സേന (എം എൻ എസ്) നേതാവ് രാജ് താക്കറെയും ശിവസേന (യു ബി ടി) നേതാവ് ഉദ്ധവ് താക്കറെയും അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഒരുമിച്ച് പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചു. മഹാരാഷ്ട്രയുടെയും മറാത്തി ജനതയുടെയും താൽപ്പര്യത്തിനായി ഒന്നിക്കാൻ തയ്യാറാണെന്ന് ഇരു നേതാക്കളും പ്രസ്താവന നടത്തി.
സിനിമാ സംവിധായകൻ മഹേഷ് മഞ്ജരേക്കറുമായുള്ള പോഡ്‌കാസ്റ്റിൽ ഒരു ചോദ്യത്തിന് മറുപടിയായി രാജ് താക്കറെയാണ് ആദ്യം നിലപാട് വ്യക്തമാക്കിയത്. മഹാരാഷ്ട്രയുടെ വലിയ താൽപ്പര്യത്തിനായി ചെറിയ തർക്കങ്ങൾ മാറ്റിവെക്കാൻ തയ്യാറാണെന്നും, അതിന് ഉദ്ധവ് താക്കറെ തയ്യാറാണെങ്കിൽ അദ്ദേഹവുമായി സഹകരിക്കാൻ താൻ തയ്യാറാണെന്നും രാജ് താക്കറെ പറഞ്ഞു.
ഇതിന് മറുപടിയായി മറാത്തി ഭാഷയ്ക്കും മഹാരാഷ്ട്രയ്ക്കും വേണ്ടി തർക്കങ്ങൾ മാറ്റിവെക്കാൻ താനും തയ്യാറാണെന്ന് ഉദ്ധവ് താക്കറെയും വ്യക്തമാക്കി. ഭാരതീയ കാംഗർ സേനയുടെ ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. എന്നാൽ, മഹാരാഷ്ട്ര വിരുദ്ധരോ അത്തരം പാർട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരോ ആയവരുമായി രാജ് താക്കറെ സഹകരിക്കരുതെന്ന ഒരു വ്യവസ്ഥയും അദ്ദേഹം മുന്നോട്ടുവെച്ചു.
ശിവസേന സ്ഥാപകനായ ബാല് താക്കറെയുടെ രാഷ്ട്രീയ പിന്തുടർച്ചയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് രാജ് താക്കറെയും ഉദ്ദവ് താക്കറെയും വഴിപിരിഞ്ഞത്. ഉദ്ധവ് താക്കറെ ബാല് താക്കറെയുടെ മകനും രാജ് താക്കറെ അദ്ദേഹത്തിൻ്റെ സഹോദരൻ്റെ മകനുമാണ്. ബാല് താക്കറെ ഉദ്ധവിനെ തൻ്റെ രാഷ്ട്രീയ പിൻഗാമിയായി തെരഞ്ഞെടുത്തതാണ് രാജ് താക്കറെയെ ചൊടിപ്പിച്ചത്. രാജ് താക്കറെ തൻ്റെ അസംതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും 2006-ൽ ശിവസേനയിൽ നിന്ന് വേർപിരിഞ്ഞ് മഹാരാഷ്ട്ര നവനിർമ്മാൺ സേന (എം.എൻ.എസ്) എന്ന സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയുമായിരുന്നു.