National
വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ അന്വേഷിക്കാന്‍ പാനല്‍ രൂപീകരിക്കാന്‍ ഉത്തരവിട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി
ആത്മഹത്യാ കേസുകള്‍ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ജയ്പുര്‍| രാജസ്ഥാനിലെ കോട്ടയില്‍ വര്‍ധിച്ചുവരുന്ന വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ കേസുകള്‍ അന്വേഷിക്കാന്‍ പാനല്‍ രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ആത്മഹത്യാ കേസുകള്‍ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കോച്ചിംഗ് ഹബ്ബില്‍ ഐഐടി, നീറ്റ് പരീക്ഷാര്‍ത്ഥികള്‍ക്കിടയിലെ ആത്മഹത്യാ കേസുകളെക്കുറിച്ചുള്ള അവലോകന യോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
9, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെക്കുറിച്ചും മുഖ്യമന്ത്രി യോഗത്തില്‍ പരാമര്‍ശിച്ചു. ഒന്‍പതും, പത്തും ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ മാതാപിതാക്കള്‍ ചേര്‍ക്കുന്നു. ഇതും കുറ്റകൃത്യമാണ്. ചെറുപ്പക്കാര്‍ ആത്മഹത്യ ചെയ്യുന്നത് നമുക്ക് കാണാന്‍ കഴിയില്ലെന്നും കുട്ടികളുടെ മരണം രക്ഷിതാക്കള്‍ക്ക് തീരാനഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പ്രതിനിധികള്‍, രക്ഷിതാക്കള്‍, ഡോക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ എല്ലാ വിഭാഗങ്ങളും അടങ്ങുന്ന സമിതി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ വര്‍ഷം ഇതുവരെ കോട്ടയില്‍ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 22 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 15 ആയിരുന്നു. ഇത് രാജസ്ഥാന്റെ മാത്രമല്ല, രാജ്യത്തിന്റെ മുഴുവന്‍ പ്രശ്‌നമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.