Kerala
രാജീവ് ചന്ദ്രശേഖരന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തില്‍ എത്താന്‍ വൈകിയത് വാഹനം കിട്ടാത്തതിനാല്‍: ശോഭ സുരേന്ദ്രന്‍
നടന്നാണ് ഹോട്ടലിലേക്ക് എത്തിയത് അതാണ് രണ്ടു മിനിറ്റ് വൈകിയതെന്നും വിശദീകരണം

കൊച്ചി | ബി ജെ പി സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ സമര്‍പ്പണ ചടങ്ങില്‍ നിന്നു മനപൂര്‍വം വിട്ടുനിന്നില്ലെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍. ഞാന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഒപ്പിട്ടാണ് നോമിനേഷന്‍ സ്വീകരിച്ചത്.
വാഹനം കിട്ടാന്‍ കുറച്ചു വൈകി. ഡ്രൈവര്‍ വൈകിയതാണ് കാരണം. നടന്നാണ് ഹോട്ടലിലേക്ക് എത്തിയത് അതാണ് രണ്ടു മിനിറ്റ് വൈകിയതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ കഴിവ് തെളിച്ചയാളാണ്. അദ്ദേഹം ബി ജെ പി സംസ്ഥാന അധ്യക്ഷനാകുന്നതിനെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. അദ്ദേഹം പ്രസ്ഥാനത്തെ നല്ലരീതിയില്‍ മുന്നോട്ട് നയിക്കും. എല്ലായിപ്പോഴും സന്തോഷത്തോടെയാണ് ബി ജെ പി പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്നത്.
ബി ജെ പി എല്ലാ വിഷയങ്ങളും ഏറ്റെടുക്കും. തിരുവനന്തപുരത്ത് വളരെ കുറഞ്ഞ വോട്ടിനാണ് രാജീവ് ചന്ദ്രശേഖര്‍ പരാജയപ്പെട്ടത്. അദ്ദേഹം ജനകീയനാണ്.അദ്ദേഹത്തെ തെരെഞ്ഞെടുത്തത് വളരെ സന്തോഷത്തോടെയാണ് കാണുന്നത്. അദ്ദേഹം കേന്ദ്രമന്ത്രിയായിട്ടുണ്ട്. അദ്ദേഹം വളരെ കൃത്യതയോടെ ബിജെപിയെ മുന്നോട്ട് നയിക്കും. തീരുമാനം ഏകകണ്ഠമാണ്. സന്തോഷത്തോടെ സ്വീകരിക്കുന്നു. പാര്‍ട്ടി അതിശക്തമായി പ്രവര്‍ത്തിക്കുകയാണ്.
നാളെ 11 മണിക്ക് സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷി രാജീവ് ചന്ദ്രശേഖറിനെ പ്രസിഡന്റായി ഔദ്യോഗിക പ്രഖ്യാപനം നടത്തും. ബി ജെ പിയുടെ സംസ്ഥാന നേതൃനിര ഒന്നാകെ അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെച്ചു. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, പികെ കൃഷ്ണദാസ് എന്നിവരും കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും പത്രിക സമര്‍പ്പണത്തില്‍ പങ്കെടുത്തു.