Kerala
രാജേന്ദ്രന്റെ ആരോപണം അസംബന്ധം: എം എം മണി
പഴയ എം എല്‍ എ സ്ഥാനം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയോ എന്ന് കണ്ടെത്തേണ്ടത് സര്‍ക്കാര്‍
ഇടുക്കി | വീടൊഴിയാന്‍ എസ് രാജേന്ദ്രന് നോട്ടീസ് നല്‍കിയതിന് പിന്നില്‍ താനാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമെന്ന് എം എം മണി. രാജേന്ദ്രന്‍ ഭൂമി കയ്യേറിയോ എന്ന് തീരുമാനിക്കേണ്ടത് റവന്യൂ വകുപ്പാണ്. പഴയ എം എല്‍ എ സ്ഥാനം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയോ എന്ന് കണ്ടെത്തേണ്ടത് സര്‍ക്കാരാണെന്നും എം എം മണി പറഞ്ഞു.
നോട്ടീസിനു പിന്നില്‍ ഞാനാണെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞത് ശുദ്ധ അസംബന്ധവും പോക്രിത്തരവുമാണ്. എന്റെ പണി അതല്ല.
അതേസമയം, തല്‍ക്കാലം ഒഴിപ്പിക്കല്‍ നടപടികള്‍ വേണ്ട എന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിനാല്‍, ഉടനടി ഒഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടാകില്ലെന്ന് റവന്യൂ അധികൃതര്‍ വിശദീകരിക്കുന്നു. വിഷയത്തില്‍ സിപിഎമ്മും സിപിഐയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
രാജേന്ദ്രന്‍ താമസിക്കുന്ന മൂന്നാര്‍ ഇക്കാനഗറിലെ ഒന്‍പത് സെന്റ് ഭൂമി പുറമ്പോക്കാണെന്നു ചൂണ്ടിക്കാട്ടിയാണ് ഏഴു ദിവസത്തിനകം ഒഴിഞ്ഞുപോകാന്‍ സബ് കലക്ടര്‍ നോട്ടിസ് നല്‍കിയത്.