s rajendran
താന്‍ ബി ജെ പിയിലേക്കെന്ന അഭ്യൂഹം തള്ളി രാജേന്ദ്രന്‍; ജാവദേക്കറുമായി നേരത്തെ തന്നെ സൗഹൃദം
പാര്‍ട്ടിയുമായുള്ള പ്രശ്നങ്ങളൊക്കെ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് എസ് രാജേന്ദ്രന്‍
കൊച്ചി | പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഷനില്‍ കഴിയുന്ന മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ താന്‍ സി പി എമ്മില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി. താന്‍ ബി ജെ പിയിലേക്കെന്ന അഭ്യൂഹം അദ്ദേഹം പൂര്‍ണമായി തള്ളി.
ബി ജെ പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ച സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രകാശ് ജാവദേക്കറുമായി തനിക്ക് നേരത്തെ തന്നെ സൗഹൃദമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിയുമായി ചില പ്രശ്‌നങ്ങളുണ്ടെന്നും പാര്‍ട്ട് അത് ആവശ്യമായ വിധത്തില്‍ പരിഹരിക്കുമെന്നും രാജേന്ദ്രന്‍ പറഞ്ഞു. തനിക്ക് പുനര്‍വിചിന്തനങ്ങളുണ്ടോയെന്ന് പ്രകാശ് ജാവദേക്കര്‍ അന്വേഷിച്ചതായി രാജേന്ദ്രന്‍ പറഞ്ഞു. ഇല്ല എന്ന് മറുപടി പറഞ്ഞതോടെ ബി ജെ പിയില്‍ ചേരുന്നതിനെക്കുറിച്ച് മറ്റുചര്‍ച്ചകള്‍ ഒന്നും ഉണ്ടായില്ലെന്നും എസ് രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുമായുള്ള പ്രശ്നങ്ങളൊക്കെ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് എസ് രാജേന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം തന്നെ നില്‍ക്കും. ഈ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് തന്നെ വിജയിക്കുമെന്നും എസ് രാജേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു.