Connect with us

Kerala

രാജീവ് ചന്ദ്രശേഖര്‍ കളത്തിലിറങ്ങി; ഘടകകക്ഷി, സമുദായ നേതാക്കളുമായി കൂടിക്കാഴ്ച ഇന്ന്

താക്കോല്‍ സ്ഥാനങ്ങളില്‍ വിശ്വസ്തരെ നിയമിച്ചു തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം | വ്യവസായി രാജീവ് ചന്ദ്രശേഖര്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള എന്‍ ഡി എയുടെ ആദ്യ സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിലാണ് യോഗം. എന്‍ ഡി എ സംസ്ഥാന കണ്‍വീനറും ബിഡി ജെ എസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയും മുതിര്‍ന്ന ബി ജെ പി നേതാക്കളും മറ്റു ഘടകകക്ഷി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

മുന്നണിയില്‍ ബി ഡി ജെ എസ് കടുത്ത നിരാശരായി തുടരുന്ന സാഹചര്യത്തിലാണ് യോഗം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജമാക്കലാണ് പ്രധാന അജണ്ടയെങ്കിലും ഘടക കക്ഷികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും കൂടിയാണ് യോഗം. ഇന്ന് വിവിധ സമുദായ നേതാക്കളുമായും രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തും. രാവിലെ പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്ത് എത്തി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയും കൂടിക്കാഴ്ചയുണ്ട്.

സംസ്ഥാന പ്രസിഡന്റായി ചുമതല ഏറ്റെടുത്തശേഷം പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ ശക്തമാക്കി. വി മുരളീധരന്‍-കെ സുരേന്ദ്രന്‍ അനുയായികള്‍ ഒരു പതിറ്റാണ്ടോളം കൈയ്യടക്കിയിരുന്ന താക്കോല്‍ സ്ഥാനങ്ങളില്‍ തന്റെ വിശ്വസ്തരെ അദ്ദേഹം നിയമിച്ചു തുടങ്ങി. സംസ്ഥാന കമ്മിറ്റിയുടെ മീഡിയ കണ്‍വീനറായിരുന്ന കെ സുരേന്ദ്രന്റെ വിശ്വസ്തന്‍ സുവര്‍ണ പ്രസാദിനെ നീക്കി യുവമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി അനൂപ് ആന്റണിയെ സോഷ്യല്‍ മീഡിയ ഇന്‍ ചാര്‍ജായി നിയമിച്ച് ഉത്തരവിറക്കി. ഉപഭാരവാഹികളെ മുഴുവന്‍ നീക്കുന്നതിനുള്ള പട്ടിക തയ്യാറായെന്നും വിവരമുണ്ട്.

ക്രൈസ്തവ വിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയെന്ന ലക്ഷ്യത്തോടെ പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി തുടങ്ങിയവരെ സുപ്രധാന പദവികളില്‍ പരിഗണിക്കുന്നുണ്ട്. പുതിയ ജനറല്‍ സെക്രട്ടറിമാര്‍, വൈസ് പ്രസിഡന്റുമാര്‍, സംസ്ഥാന ട്രഷറര്‍ എന്നീ പദവികള്‍ക്കായി നിരവധി പേര്‍ രാജീവ് ചന്ദ്രശേഖറിന്റെ ഗുഡ്ബുക്കില്‍ കയറിപ്പറ്റാന്‍ ശ്രമം നടത്തുന്നുണ്ട്.