Kerala
രാജീവ് ചന്ദ്രശേഖര്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനാകും
സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ഒറ്റപേരിലേക്ക് എത്താനാവാത്ത സാഹചര്യത്തിലാണ് കേന്ദ്ര നേതാക്കളുടെ തീരുമാനം നിര്‍ണ്ണായകമായത്

തിരുവനന്തപുരം | കെ സുരേന്ദ്രന്റെ പിന്‍ഗാമിയായി മുന്‍ കേന്ദ്രമന്ത്രിയും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖര്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനാകും. ദേശീയ നേതാക്കളായ പ്രകാശ് ജാവദേക്കറും അപരാജിത സാരംഗിയും രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച പൂര്‍ത്തിയാക്കി കോര്‍ കമ്മിറ്റി യോഗത്തില്‍ രാജീവ് ചന്ദ്രശേഖറിന്റെ പേര് അവതരിപ്പിക്കുന്നതോടെ നടപടികള്‍ പൂര്‍ണമാവും.
തിരുവനന്തപുരത്ത് ഹോട്ടല്‍ ഹൈസിന്തില്‍ നടന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് കേന്ദ്ര തീരുമാനം കോര്‍ കമ്മിറ്റിയെ അറിയിക്കുക. അതിനു ശേഷം നാമനിര്‍ദേശ പത്രിക നല്‍കും. നാളെയാണ് സംസ്ഥാന അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ഒറ്റപേരിലേക്ക് എത്താനാവാത്ത സാഹചര്യത്തിലാണ് കേന്ദ്ര നേതാക്കളുടെ തീരുമാനം നിര്‍ണ്ണായകമായത്.
വ്യവസായിയായ രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ജനവിധി തേടിയിരുന്നു. ശശി തരൂരിനെതിരെ ശക്തമായ പോരാട്ടം കാഴ്ച വച്ചു. മലയാളത്തിലെ ഒന്നാമത്തെ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റിന്റെ ഉടമയുമാണ് അദ്ദേഹം. രാജീവ് ചന്ദ്രശേഖറിലൂടെ പാര്‍ട്ടിക്കതീതമായ പിന്തുണ ഉറപ്പാക്കാനും യുവാക്കളെ സ്വാധീനിക്കാനും കഴിയുമെന്ന് ബി ജെ പി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.
സംസ്ഥാന ബി ജെ പിയില്‍ നേതാക്കള്‍ ഗ്രൂപ്പ് തിരിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് കേരള രാഷ്ട്രീയത്തില്‍ ഏറെയൊന്നും പ്രവര്‍ത്തന പരിചയമില്ലാത്ത രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനാക്കുന്നത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുക എന്നതാണ് രാജീവ് ചന്ദ്രശേഖറിനെ കാത്തിരിക്കുന്ന ആദ്യ ദൗത്യം. അതിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും വരാനിരിക്കുന്നു. പാര്‍ട്ടിയില്‍ ശക്തിപ്രാപിച്ച ഗ്രൂപ്പ് സമവാക്യങ്ങളെ അതിജീവിക്കുക എന്നത് രാജീവ് ചന്ദ്രശേഖറിന് മുന്നിലെ വെല്ലുവിളിയാണ്.
1964ല്‍ അഹമ്മദാബാദിലാണ് രാജീവ് ചന്ദ്രശേഖര്‍ ജനിച്ചത്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ എം
കെ ചന്ദ്രശേഖറും വല്ലി ചന്ദ്രശേഖറുമാണ് മാതാപിതാക്കള്‍. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങില്‍ ബിരുദം നേടിയ അദ്ദേഹം ചിക്കാഗോയിലെ ഇല്ലിനോയ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ എം എസും നേടി. ഇന്ത്യയിലെ ഒരു പ്രമുഖ ടെക് കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് അമേരിക്കയിലും ജോലി ചെയ്തു. ഇന്റലില്‍ ഡിസൈന്‍ എന്‍ജിനീയര്‍ ആന്‍ഡ് സിപിയു ആര്‍ക്കിടെക്റ്റ് ആയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.
തുടര്‍ന്ന് 1990കളില്‍ അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചെത്തി. 1994ല്‍ ബി പി എല്ലിലൂടെ രാജീവ് സാങ്കേതികവളര്‍ച്ചയുടെ സഹയാത്രികനായി. 2005ലാണ് ജൂപ്പിറ്റര്‍ ക്യാപ്പിറ്റല്‍ രൂപീകരിച്ച് ബിസിനസ് സാമ്രാജ്യം വിപുലമാക്കുന്നത്. 2006ലാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് മൂന്നു തവണ രാജ്യസഭാംഗമായിരുന്നു. 2021-2024 കാലഘട്ടത്തില്‍ മോദി മന്ത്രി സഭയില്‍ അംഗമായി. ടെക്ക്, നിര്‍മിത ബുദ്ധി, ഡാറ്റ പ്രൈവസി തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യമുള്ള രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് വലിയ അംഗീകാരമാണ് ലഭിച്ചത്. ഈ പ്രതിച്ഛായ കേരളത്തിലെ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ബി ജെ പി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു. പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ക്ക് പുറമെ കൂടുതല്‍ വിഭാഗങ്ങളിലേക്ക് എത്താനാകുമോയെന്ന പരീക്ഷണമാണ് രാജീവ് ചന്ദ്രശേഖറിലൂടെ ബി ജെ പി കേന്ദ്ര നേതൃത്വം നടത്തുന്നത്.
ക്രൈസ്തവ സഭ നേതാക്കളുമായുള്ള അടുത്ത ബന്ധവും രാജീവ് ചന്ദ്രശേഖറെ പരിഗണിക്കുന്നതിന് കാരണമായി. ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനം പാര്‍ട്ടി ഘടകത്തിലെ അഭിപ്രായ ഭിന്നതകള്‍ കൊണ്ടു കൂടിയാണ് ഇത്രയും നീണ്ടത്. ഒറ്റപേരിലേക്ക് സംസ്ഥാന ഘടകം എത്താനാണ് കേന്ദ്ര നേതൃത്വം ആദ്യ നിര്‍ദ്ദേശം നല്‍കിയത്. കെ സുരേന്ദ്രന്‍ തുടരണമെന്ന നിലപാട് ഒരു വിഭാഗം ശക്തമായി ഉന്നയിച്ചു. ശോഭ സുരേന്ദ്രന്റെ പേരാണ് സുരേന്ദ്രന്‍ വിരുദ്ധ പക്ഷം മുന്നോട്ട് വെച്ചത്.
സുരേഷ് ഗോപിയുടേതടക്കം പിന്തുണ തുടക്കത്തില്‍ ശോഭ സുരേന്ദ്രനുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലേക്ക് കൂടുതല്‍ വിഭാഗങ്ങളെ എത്തിക്കാനുള്ള ശ്രമം വേണമെന്ന് യുവനേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ബി ഡി ജെഎസിനും രാജീവ് ചന്ദ്രശേഖറിനോടായിരുന്നു താല്‍പര്യം. തമിഴ്‌നാട്ടില്‍ അണ്ണാമലൈയെ അധ്യക്ഷനാക്കിയത് പോലെ മധ്യവര്‍ഗത്തിന്റെ പിന്തുണ രാജീവ് ചന്ദ്രശേഖറിലൂടെ കൂട്ടാമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്. കേരളത്തിലെ പല ക്രൈസ്തവ നേതാക്കളുമായി അടുത്ത ബന്ധം രാജീവ് ചന്ദ്രശേഖറിനുണ്ട്. സഭ നേതാക്കളും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചകളിലും നരേന്ദ്രമോദി രാജീവ് ചന്ദ്രശേഖറെ ഭാഗമാക്കിയിരുന്നു. അവസാന വട്ട ചര്‍ച്ചകളില്‍ ഇതും പരിഗണനാവിഷയമായി.