Connect with us

National

രാജീവ് ഗാന്ധി വധക്കേസ് പ്രതി ശാന്തന്‍ നിര്യാതനായി

ജയില്‍ മോചിതനായ ശേഷം സ്വദേശമായ ശ്രീലങ്കയിലേക്ക് പോകാന്‍ ശാന്തന് അനുമതി ലഭിച്ചിരുന്നു.

Published

|

Last Updated

ചെന്നൈ | രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ശാന്തന്‍ (55) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജയില്‍ മോചിതനായ ശേഷം സ്വദേശമായ ശ്രീലങ്കയിലേക്ക് പോകാന്‍ ശാന്തന് അനുമതി ലഭിച്ചിരുന്നു. ജയിലില്‍ നിന്ന് പുറത്തുവന്നതോടെ തിരുച്ചിറപള്ളിയിലെ പ്രത്യേക ക്യാമ്പിലായിരുന്നു ശാന്തന്‍.

ചെന്നൈയിലെ ഫോറിനേഴ്‌സ് റീജ്യണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് (എഫ് ആര്‍ ആര്‍ ഒ) ആണ് ശാന്തന്‍ എന്ന സുതെന്തിരരാജയെ ശ്രീലങ്കയിലേക്ക് പോകാനുള്ള അനുമതി നല്‍കിക്കൊണ്ട് ഉത്തരവായത്. എഫ് ആര്‍ ആര്‍ ഒ ഓഫീസര്‍ അരുണ്‍ ശക്തിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ശാന്തന്റെ യാത്രാരേഖകള്‍ പരിശോധിക്കുന്ന നടപടികള്‍ നടന്നുവരുന്നതിനിടെയാണ് മരണം.

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച ഏഴു പ്രതികളിലൊരാളാണ് ശാന്തന്‍. ജയില്‍ മോചിതരായ ശേഷം ശാന്തന്‍ ഉള്‍പ്പെടെ ശ്രീലങ്കക്കാരായ നാലു പ്രതികളെ തിരുച്ചി സെന്‍ട്രല്‍ ജയിലിനു സമീപത്തുള്ള പ്രത്യേക ക്യാമ്പില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കേസിലെ മറ്റൊരു പ്രതി നളിനിയുടെ ഭര്‍ത്താവ് ശ്രീഹരന്‍ എന്ന മുരുകന്‍, റോബര്‍ പയസ്, ജയകുമാര്‍ എന്നിവരാണ് മറ്റു മൂന്നുപേര്‍.

Latest