National
രാജീവ് ഗാന്ധി വധക്കേസ്; പ്രതി നളിനി പരോളിലിറങ്ങി

ചെന്നൈ | രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ഹരിഹരന്‍ 30 ദിവസത്തെ പരോളില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. നളിനിയുടെ മാതാവ് പത്മ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ പരോള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് ഡി എസ് പിമാരുടെ നേതൃത്വത്തില്‍ 50 പേരടങ്ങുന്ന പോലീസ് സംഘം റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നളിനിക്ക് സുരക്ഷയും കാവലുമൊരുക്കും. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളില്‍ ഒരാളാണ് നളിനി.
രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനത്തിന് വേണ്ടി തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു. മൂന്ന് പതിറ്റാണ്ടുകളായി ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മാനുഷിക പരിഗണന കണക്കിലെടുത്ത് വിട്ടയക്കാനാണ് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തത്. മന്ത്രിസഭാ പ്രമേയം ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുകയായിരുന്നു.