Connect with us

rajmohan unnithan

കാസര്‍ക്കോട് തന്നെ തോല്‍പ്പിക്കാന്‍ കെ പി സി സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ശ്രമിച്ചുവെന്ന ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തനിക്കെതിരായി ബാലകൃഷ്ണന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് കൊണ്ട് രക്ഷപെടില്ല.

Published

|

Last Updated

കാസര്‍ക്കോട് | ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കാസര്‍ക്കോട് തന്നെ തോല്‍പ്പിക്കാന്‍ കെ പി സി സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ശ്രമിച്ചുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തിരഞ്ഞെടുപ്പില്‍ ഉദുമയിലുണ്ടായ ചില കാര്യങ്ങള്‍ പുറത്തുവിടും. തനിക്കെതിരായി ബാലകൃഷ്ണന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് കൊണ്ട് രക്ഷപെടില്ല. പെരിയ രക്തസാക്ഷികള്‍ക്ക് അനുകൂലമായ താനിട്ട പോസ്റ്റില്‍ ഉറച്ച് നില്‍ക്കുകയാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ബാലകൃഷ്ണന്‍ പെരിയ വാര്‍ത്താ സമ്മേളനം നടത്തിയാല്‍ ബാക്കി കാര്യങ്ങള്‍ താനും വെളിപ്പെടുത്തുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പു തന്നെ കാസര്‍ക്കോട് കോണ്‍ഗ്രസ്സില്‍ ഉണ്ടായിരിക്കുന്ന ചേരിപ്പോര് പാര്‍ട്ടി നേതൃത്വം ആശങ്കയോടെയാണ് കാണുന്നത്.

രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ രൂക്ഷമായ പരാമര്‍ശവുമായാണ് കഴിഞ്ഞ ദിവസം കെ പി സി സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നത്. വരത്തനായ ഉണ്ണിത്താന്‍ കാസര്‍ക്കോട് പാര്‍ട്ടിയില്‍ ചേരിപ്പോര് സൃഷ്ടിക്കുകയാണെന്ന ഗുരുതരമായ ആരോപണം അദ്ദേഹം ഉയര്‍ത്തിയിരുന്നു.

കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ ഉണ്ണിത്താന്‍ സംഭാഷണം നടത്തിയെന്ന് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ച് ബാലകൃഷ്ണന്‍ പെരിയ ആരോപിച്ചു.
ശരത് ലാല്‍, കൃപേഷ് കൊലപാതക കേസില്‍ ആയിരം രൂപ പോലും ചെലവഴിക്കാതെ രക്തസാക്ഷി കുടുംബങ്ങളായി മാറിയ സാധാരണക്കാരെ പുച്ഛിക്കാന്‍ ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ടെന്ന് അഹങ്കരിക്കുന്നവന്‍ എന്നും ഉണ്ണിത്താനെക്കുറിച്ച് ബാലകൃഷ്ണന്‍ ആരോപിച്ചു.

ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നുവെന്നും ഈ ഒറ്റ രാത്രി ചിത്രം മാത്രം പുറത്തിറക്കുന്നുവെന്നും ബാക്കിയെല്ലാം വാര്‍ത്താ സമ്മേളനത്തില്‍ പറയുമെന്നും കെ പി സി സി സെക്രട്ടറി വ്യക്തമാക്കിയിരുന്നു. പിന്നീട് ഈ പോസ്റ്റ് ബാലകൃഷ്ണന്‍ പെരിയ ഡിലീറ്റ് ചെയ്തിരുന്നു.