UP Election 2022
ബി ജെ പിയുടേത് ധ്രുവീകരണ രാഷ്ട്രീയമല്ലെന്ന് രാജ്‌നാഥ് സിംഗ്
ധ്രുവീകരണത്തിലൂടെ ലഭിക്കുന്ന വോട്ടുകള്‍ ബി ജെ പിക്ക് ആവശ്യമില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു
കസന്‍ഗഞ്ച് | ബി ജെ പി മനുഷ്യത്വത്തിന്റേയും നീതിയുടേയും പേരില്‍ മാത്രമാണ് വോട്ട് ചോദിക്കുന്നതെന്ന് മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ രാജ്‌നാഥ് സിംഗ്. ഉത്തര്‍പ്രദേശ് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്. ബി ജെ പിയുടേത് ധ്രുവീകരത്തിന്റെ രാഷ്ട്രീയമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരം എസ് പിയും ബി ജെ പിയുമെന്ന രീതിയില്‍ നേരിട്ട് മത്സരമെന്ന പ്രതീതി വന്നതോടെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം എസ് പിക്കെതിരെ കടുത്ത വിമര്‍ശനവുമായി രാജ്‌നാഥ് സിംഗും രംഗത്തെത്തി. എസ് പിയുടെ ചുവന്ന തൊപ്പി സൂചിപ്പിക്കുന്നത് അപകട മുന്നറിയിപ്പാണ്. ബി ജെ പി ജാതിയുടെ പേരിലോ മതത്തിന്റെ പേരിലോ വോട്ട് ചോദിക്കാറില്ല. എസ് പി ധ്രുവീകരണ രാഷ്ട്രീയത്തിന്റെ പ്രയോക്തക്കാളാണെന്നും പ്രത്യേക മതത്തിന്റെ പേരില്‍ അവര്‍ വോട്ട് ചോദിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് ആരോപിച്ചു. ധ്രുവീകരണത്തിലൂടെ ലഭിക്കുന്ന വോട്ടുകള്‍ ബി ജെ പിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.