Kerala
രാജു എബ്രഹാം സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി; കമ്മിറ്റിയില്‍ ആറ് പുതുമുഖങ്ങള്‍
34 അംഗ ജില്ലാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.
![](https://assets.sirajlive.com/2023/10/cpm-897x538.jpg)
പത്തനംതിട്ട | മുന്‍ എം എല്‍ എയും സംസ്ഥാന സമിതിയംഗവുമായ രാജു എബ്രഹാം സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മൂന്ന് ടേം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. കാല്‍നൂറ്റാണ്ടു കാലം റാന്നി എം എല്‍ എ ആയിരുന്ന രാജു എബ്രഹാം കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്താണ് തിരഞ്ഞെടുപ്പു രംഗം വിട്ടത്. തുടര്‍ന്ന് സി പി എം സംസ്ഥാന കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
34 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. ഇതില്‍ ആറ് പുതുമുഖങ്ങള്‍ ഇടംനേടി. പ്രായപരിധിയുടെ പേരില്‍ മുന്‍ എം എല്‍ എ. കെ സി രാജഗോപാല്‍, കെ എസ് ഐ ഡി സി ചെയര്‍മാന്‍ പീലിപ്പോസ് തോമസ് ഉള്‍പ്പെടെയുള്ളവരെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. സ്ഥാനം ഒഴിഞ്ഞ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു തന്റെ പിന്‍ഗാമിയായി അടൂര്‍ ഏരിയാ കമ്മിറ്റിയില്‍ നിന്നും ചില പേരുകള്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സമ്മേളനം അംഗീകരിച്ചില്ല. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയും രാജു എബ്രഹാമിനായിരുന്നു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ജില്ലാ സമ്മേളനത്തിലുടനീളം പങ്കെടുത്താണ് നടപടികള്‍ നിയന്ത്രിച്ചത്. ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനം സമ്മേളനത്തിലുയര്‍ന്നിരുന്നു. ജില്ലയിലെ പാര്‍ട്ടി നേതാക്കള്‍ക്കെതിരായ പരാതികളില്‍ അന്വേഷണമുണ്ടാകുന്നില്ലെന്ന ആക്ഷേപവും അംഗങ്ങള്‍ ഉയര്‍ത്തി. ഇതു സംബന്ധിച്ച് കാര്യങ്ങള്‍ സംസ്ഥാന കമ്മിറ്റി നേരിട്ട് പരിശോധിക്കുമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. ജില്ലാ കമ്മിറ്റിയിലേക്ക് പാനലിനു പുറമേ നിന്ന് മത്സരിക്കാന്‍ ചില നിര്‍ദേശങ്ങള്‍ ഉയര്‍ന്നെങ്കിലും മത്സരരംഗത്തേക്ക് ആരും വന്നില്ല.
പുതിയ ജില്ലാ കമ്മിറ്റിയില്‍ ആറ് പുതുമുഖങ്ങളുണ്ട്. നിലവിലെ കമ്മിറ്റിയിലെ ആറു പേരെ ഒഴിവാക്കിയാണ് പുതുതായി ആറു പേരെ 34 അംഗ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. കെ പി ഉദയഭാനു, പീലിപ്പോസ് തോമസ്, മുന്‍ എം എല്‍ എ. കെ സി രാജഗോപാല്‍, കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരന്‍, നിര്‍മലാദേവി, ബാബു കോയിക്കലേത്ത് എന്നിവരാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവായത്. പ്രായപരിധിയുടെ പേരിലാണ് പീലിപ്പോസ് തോമസ്, കെ സി രാജഗോപാല്‍, കെ കെ ശ്രീധരന്‍, നിര്‍മലാദേവി എന്നിവര്‍ ഒഴിവാക്കപ്പെട്ടത്. കഴിഞ്ഞത വണ ജില്ലാ കമ്മിറ്റിയില്‍ അംഗമായ ബാബു കോയിക്കലേത്തിനെ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ഒഴിവാക്കിയെന്നാണ് സൂചന.
ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കെ പി ഉദയഭാനു സംസ്ഥാന സമിതിയില്‍ ഇടംനേടും. മുന്‍ ഡി സി സി പ്രസിഡന്റായിരുന്ന പീലിപ്പോസ് 2009ലാണ് സി പി എമ്മിലെത്തിയത്. പിന്നീട് അദ്ദേഹം ജില്ലാ കമ്മിറ്റിയംഗമായി.
കെ കെ ശ്രീധരന്‍ സമീപകാലത്ത് സ്വീകരിച്ച ചില നിലപാടുകളോട് നേതൃത്വത്തിന് അമര്‍ഷമുണ്ടായിരുന്നു. തിരുവല്ല ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും അച്ചടക്ക നടപടിയിലൂടെ നീക്കം ചെയ്യപ്പെട്ട ഫ്രാന്‍സിസ് വി ആന്റണി അടക്കം ആറുപേരാണ് ജില്ലാ കമ്മിറ്റിയില്‍ പുതുതായി എത്തിയത്. കോഴഞ്ചേരി ഏരിയാ സെക്രട്ടറി ടി വി സ്റ്റാന്‍ലിന്‍, പട്ടികജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറി സി എം രാജേഷ്, ഇരവിപേരൂര്‍ ഏരിയാ സെക്രട്ടറി ടി കെ സുരേഷ് കുമാര്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ബി നിസാം എന്നിവരും ജില്ലാ കമ്മിറ്റിയിലെത്തി.
ജില്ലാ കമ്മിറ്റിയംഗങ്ങള്‍
രാജു ഏബ്രഹാം, എ പത്മകുമാര്‍, പി ജെ അജയകുമാര്‍, ടി ഡി ബൈജു, ആര്‍ സനല്‍കുമാര്‍, പി ബി ഹര്‍ഷകുമാര്‍, ഓമല്ലൂര്‍ ശങ്കരന്‍, പി ആര്‍ പ്രസാദ്, എന്‍ സജികുമാര്‍, സക്കീര്‍ ഹുസൈന്‍, എം വി സഞ്ചു, കോമളം അനിരുദ്ധന്‍, പി എസ് മോഹനന്‍, എസ് ഹരിദാസ്, കെ യു ജനീഷ്‌കുമാര്‍, കെ മോഹന്‍കുമാര്‍, ആര്‍ തുളസീധരന്‍ പിള്ള, കെ കുമാരന്‍, എ എന്‍ സലീം, സി രാധാകൃഷ്ണന്‍, ആര്‍ അജയകുമാര്‍, ശ്യാം ലാല്‍, ബിനു വര്‍ഗീസ്, വീണാ ജോര്‍ജ്, എസ് മനോജ്, പി ബി സതീഷ് കുമാര്‍, ലസിതാ നായര്‍, റോഷന്‍ റോയി മാത്യു, ബിന്ദു ചന്ദ്രമോഹന്‍, സി എന്‍ രാജേഷ്, ബി നിസാം, ഫ്രാന്‍സിസ് വി ആന്റണി, ടി വി സ്റ്റാലിന്‍, പി സി സുരേഷ് കുമാര്‍.