Kerala
പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി രാജു എബ്രഹാം; സി പിഎം വിട്ടുപോകില്ലെന്ന് പത്മകുമാര്‍
സംഘടനാപരമായി പരിഹരിക്കേണ്ട പ്രശ്നങ്ങളെന്ന് രാജു എബ്രഹാം

പത്തനംതിട്ട | സി പി എം സംസ്ഥാന സമിതിയില്‍ വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയതില്‍ പരസ്യമായി അതൃപ്തി അറിയിച്ച സി പി എം നേതാവ് എ പത്മകുമാറുമായി ജില്ലാ സെക്രട്ടറി രാജു എബ്രഹാം കൂടിക്കാഴ്ച നടത്തി. ഉച്ചയോടെ പത്മകുമാറിന്റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. എന്തുവന്നാലും താന്‍ സി പി എം വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എപത്മകുമാര്‍ പ്രതികരിച്ചു. പത്മകുമാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ സംഘടനാപരമായി പരിഹരിക്കേണ്ട പ്രശ്നങ്ങളാണെന്നും സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ അധികം താമസിയാതെ ഈ വിഷയങ്ങള്‍ പരിശോധിക്കുമെന്നും കൂടിക്കാഴ്ചക്ക് ശേഷം രാജു എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു.
അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. ചിലകാര്യങ്ങള്‍ അദ്ദേഹം വ്യക്തിപരമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം പാര്‍ട്ടി വേദികളിലാണ് പരിശോധിക്കേണ്ടത്. ജില്ലാ കമ്മിറ്റി യോഗത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാം. പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പത്തനംതിട്ട മെമ്പര്‍ഷിപ്പ് കുറവുള്ള ജില്ലയാണ്. അത്തരമൊരു ജില്ലയില്‍ കൂടുതല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പ്രതീക്ഷിക്കാനാകില്ല.
മന്ത്രിമാരായവര്‍ നയപരമായ തീരുമാനമെടുക്കുന്ന സമിതിയില്‍ ഉണ്ടാകണം. അതുകൊണ്ടാണ് ക്ഷണിക്കപ്പെട്ട ആളുകളായിട്ട് അവരെ എടുക്കുന്നത്.
കേരളത്തില്‍ നയരൂപവത്കരണം നടത്തുന്ന സമിതി സംസ്ഥാന സമിതിയാണ്. വീണാ ജോര്‍ജിനെ പാര്‍ലിമെന്ററി രംഗത്താണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അവര്‍ക്ക് സംഘടനാരംഗത്ത് പ്രത്യേക ചുമതലകള്‍ നല്‍കിയിട്ടില്ല. അതെല്ലാം പരിശോധിക്കേണ്ട വിഷയങ്ങളാണെന്നും രാജു എബ്രഹാം പറഞ്ഞു.
ഞാന്‍ സി പി എം തന്നെയാണെന്നും സി പി എമ്മിന്റെ സംഘടനാ വിഷയങ്ങളിലുണ്ടായ എന്റെ മാനസിക വിഷമം പറഞ്ഞെന്നേയുള്ളൂവെന്നുമായിരുന്നു പത്മകുമാറിന്റെ വിശദീകരണം. സി പി എം വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നുവരെ സംഘടനാരംഗത്ത് ഒരുകാര്യവും ചെയ്യാത്തയാളാണ് വീണാ ജോര്‍ജ്. അവരെപ്പോലെ ഒരാളെ പാര്‍ലിമെന്ററിരംഗത്തെ പ്രവര്‍ത്തനം മാത്രം നോക്കി സി പി എമ്മിലെ ഉന്നതഘടകത്തില്‍ വെക്കുമ്പോള്‍ സ്വഭാവികമായും ഒട്ടേറെപ്പേര്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്. അത് തുറന്നുപറയാന്‍ ഒരാളെങ്കിലും വേണമല്ലോ. അതുകൊണ്ട് ഞാന്‍ തുറന്നുപറഞ്ഞെന്നേയുള്ളൂ.
അച്ചടക്ക നടപടി നേരിട്ടാലും പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നും പത്മകുമാര്‍ വ്യക്തമാക്കി .