National
എഎപി നേതാവ് സഞ്ജയ് സിങ് എം.പിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് വിലക്കി രാജ്യസഭാ ചെയര്‍മാന്‍
പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ സത്യപ്രതിജ്ഞ അനുവദിക്കാനാവില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഘര്‍ പറഞ്ഞു.
ന്യൂഡല്‍ഹി| ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായ ആംആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് എം.പിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് വിലക്കി രാജ്യസഭാ ചെയര്‍മാന്‍. ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായ സഞ്ജയ് സിങ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അതിനിടെ എഎപി അദ്ദേഹത്തെ രണ്ടാം തവണയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുകയായിരുന്നു. പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ സത്യപ്രതിജ്ഞ അനുവദിക്കാനാവില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഘര്‍ പറഞ്ഞു.
സഞ്ജയ് സിങ്ങിന് പുറമെ ഡല്‍ഹി മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് നരെയ്ന്‍ ദാസ് ഗുപ്ത എന്നിവരെയുമാണ് എ.എ.പി നോമിനേറ്റ് ചെയ്തത്. ഇരുവരും ജനുവരി 31ന് സത്യപ്രതിജ്ഞ ചെയ്തു.
കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് രാജ്യസഭയിലെത്തി സത്യപ്രതിജ്ഞ ചെയ്യാന്‍ ഡല്‍ഹി കോടതി അനുമതി നല്‍കിയിരുന്നു. രാവിലെ 10 മണിക്ക് സഞ്ജയ് സിങിനെ പാര്‍ലമെന്റിലെത്തിക്കാന്‍ ജയില്‍ അധികൃതര്‍ക്ക് പ്രത്യേക ജഡ്ജി എം.കെ നാഗ്പാല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത് രാജ്യസഭാ ചെയര്‍മാന്‍ വിലക്കിയത്.