Connect with us

Kerala

രാജ്യസഭ തിരഞ്ഞെടുപ്പ്: അണിയറയിൽ ചർച്ചകൾ സജീവം

കോൺഗ്രസിലെ എ കെ ആന്റണി, സി പി എമ്മിലെ സോംപ്രസാദ് കെ, ലോക് താന്ത്രിക് ജനതാദളിലെ എം വി ശ്രേയസ് കുമാർ എന്നിവരുടെ ഒഴിവിലേക്കാണ് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Published

|

Last Updated

മലപ്പുറം | അടുത്തമാസം ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് മുന്നണിയിൽ അണിയറ ചർച്ച തുടങ്ങി. മാർച്ച് 31നാണ് തിരഞ്ഞെടുപ്പ്. കോൺഗ്രസിലെ എ കെ ആന്റണി, സി പി എമ്മിലെ സോംപ്രസാദ് കെ, ലോക് താന്ത്രിക് ജനതാദളിലെ എം വി ശ്രേയസ് കുമാർ എന്നിവരുടെ ഒഴിവിലേക്കാണ് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയഭയിൽ ഇടത് മുന്നണിക്ക് ഭൂരിപക്ഷം ഉള്ളതിനാൽ രണ്ട് സീറ്റ് നില നിർത്താൻ സാധിക്കും. ഒരംഗത്തെ യു ഡി എഫിനും നിലനിർത്താനാകും. ആരെല്ലാം മത്സരിപ്പിക്കണമെന്ന ചർച്ച സജീവമായിരിക്കുകയാണ്.

സി പി എമ്മിൽ സമ്മേളനം അവസാനിച്ചതോടെ ചർച്ചക്ക് ചൂടേറും. കാലാവധി കഴിയുന്നവരുടേത് കഴിച്ച് സി പി എം മൂന്ന്, ലീഗ്, മാണി കോൺഗ്രസ്, സി പി ഐ പാർട്ടികൾക്ക് ഓരോ  സീറ്റ് വീതമാണുള്ളത്. ഇടത് മുന്നണിക്ക് ലഭിക്കുന്ന രണ്ട് സീറ്റിൽ ഒരെണ്ണം സി പി എമ്മും ഒരെണ്ണം  ലോക് താന്ത്രിക് ദള്ളിനും നൽകാനാണ് തീരുമാനം. രാജ്യസഭാ സീറ്റ് സി പി ഐയും അവകാശപ്പെടുന്നുണ്ടെങ്കിലും സി പി എം അതിന്ന് വഴങ്ങണമെന്നില്ല.

നിയമസഭയിലെ അംഗബലത്തിൻറെ അടിസ്ഥാനത്തിൽ സി പി ഐ ഒന്നിലധികം സീറ്റിന് അവകാശികളാണ്. ബിനോയ് വിശ്വം മാത്രമാണ് സി പി ഐയിലെ അംഗം. എന്നാൽ ലോക്‌താന്ത്രിക് ജനത ദള്ളിനെ മാറ്റി നിർത്തി സി പി ഐക്ക് സീറ്റ് നൽകിയാൽ മുന്നണിയിൽ പടലപിണക്കം ഉണ്ടാകുമെന്ന ഭയപ്പാട് സി പി എമ്മിനുണ്ട്. ലോക്‌താന്ത്രിക് ദള്ളിനനുള്ള സീറ്റിൽ ശേയാംസ് കുമാറിനെ മത്സരിപ്പാക്കാനാണ് തീരുമാനം. മുൻ മന്ത്രി  മാത്യു ടി തോമസും അവകാശ വാദം ഉന്നയിക്കുന്നുണ്ട്.

സി പി എമ്മിൽ നിന്ന് എ കെ ബാലൻ, എം എ ബേബി, തോമസ്  ഐസക്ക്, പി ജയരാജൻ എന്നിവരാണ് പരിഗണനയിൽ. പി ജയരാജനാണ് മുഖ്യമായും പരിഗണന. ലോകസഭ തിരഞ്ഞെടുപ്പിൽ വടകരയിൽ ജയരാജൻ പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ രാജ്യസഭയിലേക്ക് അയക്കുന്നതിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ  പി ജയരാജൻ ഖാദി ബോർഡ് ചെയർമാനാണ്. ജയരാജന് അർഹമായ സ്ഥാനം നൽകിയില്ലന്ന ആക്ഷേപം ഇതിലൂടെ ഇല്ലാതാകും. എം എ ബേബിയുടെ പ്രവർത്തന തട്ടകം ഡൽഹിയിലേക്ക് മാറ്റിയതോടെ അദ്ദേഹത്തെ രാജ്യസഭ സീറ്റ് നൽകിയാൽ തെറ്റില്ലെന്നതാണ് പാർട്ടിക്കുള്ളത്. എ കെ ബാലനും സജീവതയിലുണ്ട്. രണ്ട് തവണ മന്ത്രിയായ ബാലനെ ഇനി പാർല്ലമെൻറേറിയനാക്കേണ്ടതില്ലന്ന അഭിപ്രായവും പാർട്ടിയിലുണ്ട്.

ആൻറണിയുടെ കാലാവധി തീരുന്നതോടെ കോൺഗ്രസിനെ രാജ്യ സഭയിൽ സംസ്ഥാനത്ത് നിന്ന് അംഗബലം ഇല്ലാതെയാകുമെന്ന ഭയപ്പാടുണ്ട്. തുടർച്ചയായി 17 വർഷം രാജ്യസഭ അംഗമായ  അദ്ദേഹത്തെ വീണ്ടും അംഗമാക്കേണ്ടതില്ലന്ന നിലപാടിലാണ് കോൺഗ്രസ്. മാത്രമല്ല പ്രായാധിക്യം അദ്ദേഹത്തെ അലട്ടുന്നുണ്ട്. പാർട്ടിയിലും ഭരണ തലത്തിലും ഉന്നത സ്ഥാനം വഹിച്ച ആൻറണിയെ മാറ്റിന്നതിൽ തടസ്സമില്ലന്നാണ് അണികളിലും ഉള്ളത്. എന്നാൽ യു ഡിഎഫിന് ലഭിക്കുന്ന ഏക രാജ്യ സഭ സീറ്റിൽ മുന്നണികളായ കേരള കോൺഗ്രസ് ജോസഫ് വിഭാഗം അവകാശം ഉന്നയിക്കുന്നുണ്ട്. ഇത് വിട്ട് കൊടുത്ത്കൂടയെന്നാണ് കോൺഗ്രസിനുള്ളത്.  കരുത്തരെ രാജ്യസഭയിലേക്ക് അയക്കമമെന്ന നിലപാടിലാണ് പാർട്ടിയുള്ളത്.  എം എം ഹസ്സൻ, കെ സി വേണുഗോപാൽ എന്നിവരെയാണ് പരിഗണിക്കുന്നത്. ബ്രിട്ടാസിനെ സി പി എം രാജ്യസഭ നൽകിയത്പോലെ യുവ നിരയെ അയക്കണമെന്ന വാദവും ഉയരുന്നുണ്ട്. 2024 ജൂലൈയിലാണ് ഇനി ഒഴിവ് വരുന്നത്. അതേ വർഷം തന്നെ പാർലമെൻറ് തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്.

---- facebook comment plugin here -----

Latest