Connect with us

National

രാജ്യസഭാംഗത്വം രാജിവെക്കില്ല, പോരാടാന്‍ തന്നെയാണ് തീരുമാനം; സ്വാതി മലിവാള്‍

സ്വാതി മലിവാള്‍ എംപിയുടെ പരാതിയില്‍ കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി|ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മര്‍ദ്ദിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് എഎപി രാജ്യസഭാംഗത്വം രാജിവെക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച് എംപി സ്വാതി മലിവാള്‍. മാന്യമായി ആവശ്യപ്പെട്ടിരുന്നെങ്കില്‍ പരിഗണിക്കുമായിരുന്നെന്നും തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ലെന്നും സ്വാതി പറഞ്ഞു. പോരാടാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും സ്വാതി മലിവാള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തന്നെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സ്വാതി മലിവാള്‍ വിവാദം ശക്തമായി ഉന്നയിക്കുന്നതെന്ന് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. ഇന്നലെ തന്റെ മാതാപിതാക്കളെയും അന്വേഷണത്തിലേക്ക് വലിച്ചിഴക്കുന്നുവെന്ന് കെജ്രിവാള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മാതാപിതാക്കളെ ചോദ്യം ചെയ്യാനുള്ള നീക്കം ഡല്‍ഹി പോലീസ് ഉപേക്ഷിച്ചിരുന്നു.

ക്രൂര മര്‍ദ്ദനത്തിനിരയാക്കിയെന്ന സ്വാതി മലിവാള്‍ എംപിയുടെ പരാതിയില്‍ കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. കെജ്രിവാളിന്റെ വസതിയില്‍ നിന്നാണ് ബിഭവ് കുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നത്. ശേഷം സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സ്വാതിയുടെ ഇടത് കാലിനും, കണ്ണിന് താഴെയും കവിളിലും പരിക്കുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. സ്വാതിയുടെ പരാതിയില്‍ ഐപിസി 354, 506, 509, 323 വകുപ്പികളിലാണ് ബിഭവ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

സ്വാതി മലിവാളിന്റെ പരാതിയില്‍ കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തുണ്ട്. കെജ്രിവാള്‍ വിഷയത്തില്‍ മിണ്ടുന്നില്ല. അദ്ദേഹത്തിന്റെ മൗനത്തിലൂടെ എല്ലാം വ്യക്തമാണെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. എഎപി സ്ത്രീ വിരുദ്ധ പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ കെജ്രിവാള്‍ സ്വാതിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും സാവന്ത് കൂട്ടിച്ചേര്‍ത്തു.

 

 

 

Latest