LDF
രാജ്യസഭാ സീറ്റ് തര്‍ക്കം; സി പി എം സീറ്റ് വിട്ടുനല്‍കി പ്രശ്‌ന പരിഹാരത്തിന് നീക്കം
ഇന്ന് ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം കൈക്കൊണ്ട ശേഷം എല്‍ ഡി എഫ് യോഗത്തില്‍ അറിയിക്കും
തിരുവനന്തപുരം | രാജ്യസഭാ സീറ്റ് സംബന്ധിച്ച് ഇടതുമുന്നണി ഘടകകക്ഷികള്‍ക്കിടയില്‍ രൂപപ്പെട്ട ആശയക്കുഴപ്പം പരിഗണിക്കുന്നതിന് സി പി എ സ്വന്തം സീറ്റിന്റെ കാര്യത്തില്‍ വിട്ട് വീഴ്ചക്കു തയ്യാറായേക്കുമെന്നു സൂചന.
സി പി എം ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത് പ്രശ്‌നം പരിഹരിക്കുകയല്ലാതെ മറ്റു പരിഹാരമില്ലെന്നാണ് കരുതുന്നത്. കേന്ദ്ര നേതൃത്വവുമായി ആശയവിനിമയം നടത്തിയ ശേഷമാകും സി പി എം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.
ഇന്ന് ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ട ശേഷം എല്‍ ഡി എഫ് യോഗത്തില്‍ തീരുമാനം ഘടകകക്ഷികളെ അറിയിക്കും. നേരത്തെ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിയുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാജ്യസഭാ സീറ്റ് തര്‍ക്കവും ഇടതു മുന്നണിക്ക് തലവേദനയായിരിക്കുകയാണ്.
എല്‍ ഡി എഫിന് വിജയിക്കാന്‍ ആകുന്ന രണ്ട് സീറ്റുകളില്‍ ഒരു സീറ്റ് സി പി എം ഏറ്റെടുക്കുകയാണെങ്കില്‍ രണ്ടാമത്തെ സീറ്റ് തങ്ങള്‍ക്കു വേണമെന്ന ആവശ്യവുമായി സി പി ഐ, കേരള കോണ്‍ഗ്രസ് എം, ആര്‍ ജെ ഡി, എന്‍ സി പി കക്ഷികള്‍ രംഗത്ത് വന്നിരുന്നു. ആര്‍ ജെ ഡിക്കും എന്‍ സി പിക്കും സീറ്റ് നല്‍കാനാവില്ലെന്ന് സി പി എം ആദ്യമെ അറിയിച്ചിരുന്നു.
സി പി ഐയുമായും കേരള കോണ്‍ഗ്രസ് എമ്മുമായും സി പി എം ഉഭയകക്ഷി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇരുകക്ഷികളും വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് അറിയിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ലോക്‌സഭയിലേക്ക് കേരളത്തില്‍നിന്ന് സി പി ഐക്കും കേരള കോണ്‍ഗ്രസ് എമ്മിനും പ്രതിനിധിയില്ല. ഈ സാഹചര്യത്തില്‍ രാജ്യസഭാ സീറ്റ് വേണമെന്ന നിലപാടിലാണ് ഇരു കക്ഷികളും.