National
റാഞ്ചിയില്‍ ഇന്ത്യ സഖ്യത്തിന്റെ റാലി ആരംഭിച്ചു ; കെജ് രിവാളിന്റെയും ഹേമന്ദ് സോറന്റെയും കസേരകള്‍ ഒഴിച്ചിട്ടു
അരവിന്ദ് കെജ് രിവാളിന്റെ ഭാര്യ സുനിത കെജ് രിവാള്‍ , ഹേമന്ത് സോറന്റെ ഭാര്യ കല്‍പന സോറന്‍ എന്നിവര്‍ റാലിയില്‍ പങ്കെടുക്കാനെത്തി
റാഞ്ചി | ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഇന്ത്യ സഖ്യത്തിന്റെ റാലി ആരംഭിച്ചു. അരവിന്ദ് കെജരിവാളിന്റെയും ഹേമന്ദ് സോറന്റെയും കസേരകള്‍ ഒഴിച്ചിട്ടാണ് റാലി ആരംഭിച്ചത്. ഇന്ത്യ സഖ്യത്തിന്റെ രണ്ടാമത്തെ പൊതുറാലിയാണ് റാഞ്ചിയില്‍ നടക്കുന്നത്. അരവിന്ദ് കെജ് രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മാര്‍ച്ച് 31ന് ഡല്‍ഹി രാംലീല മൈതാനിയിലായിരുന്നു ആദ്യ റാലി.
അരവിന്ദ് കെജ് രിവാളിന്റെ ഭാര്യ സുനിത കെജ് രിവാള്‍ , ഹേമന്ത് സോറന്റെ ഭാര്യ കല്‍പന സോറന്‍ എന്നിവര്‍ റാലിയില്‍ പങ്കെടുക്കാനെത്തി. എഎപി നേതാവ് സഞ്ജയ് സിംഗ്, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് തുടങ്ങിയവരും വേദിയിലെത്തിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വേച്ഛാധിപത്യ’ സമീപനം ഇന്ത്യ സഖ്യത്തിന്റെ ‘ ഉല്‍ഗുലാന്‍ ന്യായ് റാലി’യില്‍ തുറന്നുകാട്ടുമെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറന്‍ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
അതേസമയം റാലിയില്‍ മുഖ്യ നേതൃത്വമാകുമെന്ന് കരുതിയ രാഹുല്‍ ഗാന്ധി റാലിയില്‍ പങ്കെടുക്കാന്‍ എത്തിയില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്ക് റാലിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്ന ജയറാം രമേശ് അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ റാലിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.