National
രാമ ക്ഷേത്രം: രാഷ്ട്രീയ ലാഭത്തിനായി ബിജെപി നടത്തുന്നത് മതനിന്ദ; കേന്ദ്ര സർക്കാർ രാമശാപം നേരിടേണ്ടിവരുമെന്ന് ഹിന്ദു മഹാസഭ
ശ്രീരാമന്റെ പേരിൽ അടുത്ത തിരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെടാൻ വേണ്ടി മാത്രമാണ് ബിജെപി തിടുക്കത്തിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതെന്ന് ഹിന്ദു മഹാസഭ കർണാടക ഘടകം സ്ഥാപകൻ രാജേഷ് പവിത്രൻ
മംഗളൂരു | അയോധ്യയിൽ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ബിജെപിയുടെ രാഷ്ട്രീയ ഗിമ്മിക് മാത്രമാണെന്ന് ഹിന്ദു മഹാസഭ. പണിതീരാത്ത രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിലൂടെ രാഷ്ട്രീയ നേട്ടത്തിനായി മതനിന്ദയാണ് ബിജെപി നടത്തുന്നതെന്നും കേന്ദ്ര സർക്കാർ രാമശാപം നേരിടേണ്ടി വരുമെന്നും ഹിന്ദു മഹാസഭ കർണാടക ഘടകം സ്ഥാപകൻ രാജേഷ് പവിത്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമാക്കാനുള്ള സമരത്തിൽ ഹിന്ദു മഹാസഭ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ ഇതുവരെ ഞങ്ങളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. രാമക്ഷേത്രം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രാഷ്ട്രീയ ഗിമ്മിക്ക് മാത്രമാണെന്ന് ഞങ്ങൾ ആത്മാർത്ഥമായി വിശ്വസിക്കുന്നു. അപൂർണ്ണമായ ക്ഷേത്രത്തിൽ പൂജ നടത്തുന്നത് ഹിന്ദു സംസ്കാരത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീരാമന്റെ പേരിൽ അടുത്ത തിരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെടാൻ വേണ്ടി മാത്രമാണ് ബിജെപി തിടുക്കത്തിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ് ബിജെപി നടത്തുമെന്ന് ഞങ്ങൾക്ക് ആദ്യം മുതലേ അറിയാമായിരുന്നു. പക്ഷേ, പാതിവഴിയിലായ ഒരു ക്ഷേത്രം തിടുക്കപ്പെട്ട് ഉദ്ഘാടനം ചെയ്യേണ്ടതില്ല. ശങ്കരാചാര്യർ പോലും ഇതേക്കുറിച്ച് തന്റെ ചിന്തകൾ പ്രകടിപ്പിച്ചിട്ടുണ്ട്. രാമൻ എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും ഞങ്ങൾ എല്ലായ്‌പ്പോഴും ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നവരാണെന്നും പവിത്രൻ പറഞ്ഞു.
അതേസമയം, രാമക്ഷേത്രം ഉദ്ഘാടനം നടക്കുന്ന ദിവസം ഹിന്ദു മഹാസഭ മംഗളൂരു ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ രാമ മഹോത്സവം സംഘടിപ്പിക്കുമെന്നും പവിത്രൻ പറഞ്ഞു. ഈ ആവശ്യത്തിനായി പോരാടിയവരെ ആദരിക്കാനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദു മഹാസഭാ ഭാരവാഹികളായ ഹിമാൻഷു ശർമ, പ്രവീൺ ചന്ദ്ര റാവു തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.