Kerala
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: കോൺഗ്രസിൽ അടിമുടി ആശയക്കുഴപ്പം; കെ പി സി സിയിലും ഭിന്നത
ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കെ മുരളീധരൻ എം പി എഐസിസി നേതൃത്വത്തിന് കത്ത് നൽകി
തിരുവനന്തപുരം | അയോധ്യയിൽ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനെ ചൊല്ലി കോൺഗ്രസിൽ അഭിപ്രായ ഭിന്നത. കോൺഗ്രസ് നേതാക്കളെ ചടങ്ങിന് ക്ഷണിച്ചതിനെ ചൊല്ലി വ്യത്യസ്ത അഭ്രിപ്രായമാണ് നേതാക്കൾക്കിടയിലുള്ളത്. പ്രതിഷ്ഠാച ചടങ്ങിൽ പങ്കെടുക്കരുതെന്ന് കെ മുരളീധരൻ തറപ്പിച്ചുപറയുമ്പോൾ അക്കാര്യം തീരുമാനിക്കേണ്ടത് അഖിലേന്ത്യാ നേതൃത്വമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ക്ഷണം വ്യക്തിപരമാണെന്നും വ്യക്തികളാണ് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും പറഞ്ഞ് ശശി തരൂരും വിഷയത്തിൽ നിന്ന് തലയൂരി.
ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കെ മുരളീധരൻ എം പി എഐസിസി നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്. ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി കേരള ഘടകത്തിന്റെ നിലപാടെന്നും എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് വ്യക്തമാക്കി.
കെ മുരളീധരൻ പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. അഖിലേന്ത്യാ നേതൃത്വമാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തികളാണ് ചടങ്ങിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതെന്നായിരുന്നു ശശി തരൂരിന്റെ വിശദീകരണം. ഒരു വ്യക്തിയെന്ന നിലയിൽ പങ്കെടുക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎമ്മിന് മതവിശ്വാസം ഇല്ലാത്തതുകൊണ്ടാണ് അക്കാര്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയുന്നതെന്നും എന്നാൽ കോൺഗ്രസ് വിശ്വാസികളുള്ള പാർട്ടിയാണെന്നും അതിനാൽ തന്നെ നിലപാടെടുക്കാൻ സമയം ആവശ്യമാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
ഗാന്ധിജിയുടെ രാമരാജ്യം നീതിയുടേതായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചത്. ഗാന്ധിജി രാമനെ തേടിയത് ക്ഷേത്രം മതിലുകൾക്കുള്ളിൽ അല്ലെന്നും ദരിദ്ര നാരായണന്മാർക്കിടയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ നെഞ്ചിൽ വെടിയുതിർത്തവർക്കൊപ്പം രാമൻ ഉണ്ടാകില്ലെന്നും കോൺഗ്രസ് സ്ഥാപക ദിനവുമായി ബന്ധപ്പെട്ട ലേഖനത്തിൽ സതീശൻ വ്യക്തമാക്കി.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചതോടെയാണ് പാർട്ടിയിൽ ആശയക്കുഴപ്പം തുടങ്ങിയത്. ക്ഷണം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി സ്വീകരിച്ചിരുന്നു. സോണിയയോ അല്ലെങ്കില്‍ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് വ്യക്തമാക്കിയത്.
എന്തായാലും രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉണ്ടായിരിക്കുന്നത് വലിയ ആശയക്കുഴപ്പമാണെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതിനെ കോൺഗ്രസ് എങ്ങിനെ മറികടക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.