National
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ക്ഷണം നിരസിച്ച് ലാലു പ്രസാദ് യാദവവും
ഇന്ത്യ സഖ്യത്തിൽ ഉൾപ്പെട്ട പാർട്ടികൾ പരിപാടി ബഹിഷ്കരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.
ന്യൂഡൽഹി | അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവും നിരസിച്ചു. നേരത്തെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാറും ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. പ്രതിഷ്ഠാ ചടങ്ങിന് ശേഷം മറ്റൊരു ദിവസം ക്ഷേത്രം സന്ദർശിക്കാമെന്ന് ലാലു പ്രസാദ് യാദവ് ക്ഷേത്രം ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
ഇന്ത്യ സഖ്യത്തിൽ ഉൾപ്പെട്ട പാർട്ടികൾ പരിപാടി ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് അംഗങ്ങൾ ക്ഷണം ആദരപൂർവം നിരസിച്ചു. മതം വ്യക്തിപരമായ കാര്യമാണെന്നും എന്നാൽ ആർഎസ്എസും ബിജെപിയും അയോധ്യ ക്ഷേത്രത്തെ രാഷ്ട്രീയ പദ്ധതിയാക്കിയെന്നും വ്യക്തമാക്കിയാണ് കോൺഗ്രസ് പരിപാടി ബഹിഷ്കരിച്ചത്.
ക്ഷേത്രത്തിൽ നടത്താനിരിക്കുന്ന പ്രതിഷ്ഠാ ചടങ്ങ് ഹിന്ദു സനാതന നിയമങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ശങ്കരാചാര്യന്മാരും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ക്ഷേത്രം പണി പൂർത്തിയാകാതെ പ്രതിഷ്ഠ നടത്തുവാൻ പാടില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
ജനുവരി 22നാണ് പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് തുടങ്ങിയവരാണ് ചടങ്ങിന് നേതൃത്വം നൽകുന്നത്.