National
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരണം: പ്രതിപക്ഷ നേതാക്കളെ ഹിന്ദുവിരുദ്ധരായി ചിത്രീകരിച്ച് ബിജെപി പോസ്റ്റർ
രാം മന്ദിർ പ്രാൻ പ്രതിഷ്ഠാചടങ്ങ് ബഹിഷ്കരിച്ച സനാതന വിരുദ്ധരുടെ (ഹിന്ദുവിരുദ്ധർ) മുഖങ്ങൾ തിരിച്ചറിയുക എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്ററാണ് പാർട്ടിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.
ന്യൂഡൽഹി | അയോധ്യയിൽ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനുള്ള കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം രാഷ്ട്രീയ ആയുധമാക്കി ബിജെപി. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ ഹിന്ദുവിരുദ്ധരായി ചിത്രീകരിച്ചുള്ള പോസ്റ്റർ ബിജെപി അവരുടെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.
രാം മന്ദിർ പ്രാൻ പ്രതിഷ്ഠാചടങ്ങ് ബഹിഷ്കരിച്ച സനാതന വിരുദ്ധരുടെ (ഹിന്ദുവിരുദ്ധർ) മുഖങ്ങൾ തിരിച്ചറിയുക എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്ററാണ് പാർട്ടിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. പോസ്റ്ററിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, തൃണമൂൽ നേതാവ് മായാവതി, സിപിഎം നേതാവ് സീതാറാം യെച്ചൂരി, അധിർ രഞ്ജൻ ചൗധരി, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്.
पहचानिए, राम मंदिर प्राण प्रतिष्ठा समारोह के न्योते को ठुकराने वाले सनातन विरोधियों के चेहरे… pic.twitter.com/0ESH0eYUt1
— BJP (@BJP4India) January 11, 2024
കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയേയും മല്ലികാർജുൻ ഖാർഗെയേയും നേരത്തെ ക്ഷേത്ര ട്രസ്റ്റ് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കുകയും ഇരുവരും ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യ സഖ്യത്തിലെ ഘടകകക്ഷികളുടെയും മതേതര പാർട്ടികളുടെയും പ്രതിഷേധം ശക്തമായതിനെ തുടർന്ന് കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.