Editors Pick
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: കോൺഗ്രസിനെ പിന്തിരിപ്പിച്ചത് മതേതര ശക്തികളുടെ സമ്മർദം
തീവ്ര ഹിന്ദുത്വം പ്രയോഗിക്കുന്ന ബി ജെ പിയെ നേരിടാന്‍ മൃദുഹിന്ദുത്വം കൊണ്ടു കാര്യമില്ലെന്ന മതേതര കക്ഷികളുടെ ശക്തമായ നിലപാട് കോണ്‍ഗ്രസ്സിന് ഒടുക്കം അംഗീകരിക്കേണ്ടി വരികയായിരുന്നു.
കോഴിക്കോട് | അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഒടുവില്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിനു പിന്നില്‍ മതേതര കക്ഷികളുടെ സമ്മര്‍ദ്ദം. ആസന്നമായ ലോക സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വോട്ടില്‍ ധ്രുവീകരണം ലക്ഷ്യമിട്ടു ബി ജെ പി നടത്തുന്ന രാഷ്ട്രീയ നീക്കത്തില്‍ കോണ്‍ഗ്രസ് ഇരയാവരുതെന്ന ഇന്ത്യാ സഖ്യകക്ഷികളായ മതേതര പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തിനു കോണ്‍ഗ്രസ്സിനു വഴങ്ങേണ്ടിവരികയായിരുന്നു. പാര്‍ട്ടിയുടെ സമുന്നത നേതാവായ രാഹുല്‍ ഗാന്ധിയും സംഘടനാ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാലും പ്രതിനിധീകരിക്കുന്ന കേരളത്തിന്റെ സമ്മര്‍ദ്ദവും പാര്‍ട്ടി നേതൃത്വത്തിന് അംഗീകരിക്കേണ്ടിവന്നു.
രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ നിന്നു വിട്ടുനിന്നാല്‍ പരമ്പരാഗതമായി കോണ്‍ഗ്രസ്സിനു വോട്ടു ചെയ്യുന്ന ഹൈന്ദവ സമൂഹത്തിന്റെ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാവുമെന്ന ഭയമായിരുന്നു കോണ്‍ഗ്രസ്സിനെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതില്‍ നിന്നു പിന്തിരിപ്പിച്ചത്. എന്നാല്‍ തീവ്ര ഹിന്ദുത്വം പ്രയോഗിക്കുന്ന ബി ജെ പിയെ നേരിടാന്‍ മൃദുഹിന്ദുത്വം കൊണ്ടു കാര്യമില്ലെന്ന മതേതര കക്ഷികളുടെ ശക്തമായ നിലപാട് കോണ്‍ഗ്രസ്സിന് ഒടുക്കം അംഗീകരിക്കേണ്ടി വരികയായിരുന്നു.
പാര്‍ട്ടി നിലപാട് വ്യക്തമാക്കുന്നതിനു മുമ്പു തന്നെ വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കുമെന്ന നിലപാടു പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. കര്‍ണാടകയില്‍ അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ ഈ നിലപാടുമായി ഏറെ മുന്നോട്ടു പോയിട്ടുണ്ട്. ഇപ്പോള്‍ പാര്‍ട്ടി പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി നിലപാട് അറിയിച്ചെങ്കിലും വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി നേതാക്കള്‍ എങ്ങിനെ പ്രതികരിക്കുമെന്ന കാര്യം കണ്ടറിയേണ്ടി വരും.
ക്ഷണം ലഭിച്ച ഉടനെ തന്നെ പരിപാടിയില്‍ പങ്കെടുക്കില്ലെന്നു സി പി എം നിലപാടു വ്യക്തമാക്കിയതോടെ കേരളത്തില്‍ കോണ്‍ഗ്രസ് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ദേശീയ നേതൃത്വമാണ് നിലപാടു പ്രഖ്യാപിക്കേണ്ടതെന്ന അഴകൊഴമ്പന്‍ നിലപാടാണ് കേരളത്തിലെ നേതാക്കള്‍ പറഞ്ഞിരുന്നത്. കേരളത്തിലെ പ്രമുഖ ഘടക കക്ഷിയായ മുസ്‍ലിം ലീഗ് ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നു പറഞ്ഞെങ്കിലും പിന്നീട് വിശ്വാസപരമായ കാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്ന നിലപാടിലേക്കു ലീഗ് മാറി. എന്നാല്‍ ലീഗിന്റെ വലിയ വോട്ടു ബാങ്കായ ഇ കെ വിഭാഗം കടുത്ത നിലപാടാണ് സ്വീകരിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുത്താല്‍ നരേന്ദ്ര മോഡിയുടെ ഭരണം ആവര്‍ത്തിക്കുമെന്ന് അവര്‍ താക്കീതു നല്‍കി.
ഇതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടിയിലെ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പുറത്തുവന്നു. പ്രതിഷ്ടാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളഘടകത്തിന്റെ നിലപാടെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. ഇക്കാര്യം കെ സി വേണുഗോപാലിനെ അറിയിച്ചതായും മുരളീധരന്‍ പറഞ്ഞു. ഇന്ത്യ മുന്നണി നേതാക്കളുമായി ആലോചിച്ച് കേന്ദ്ര നേതൃത്വം തീരുമാനമെടുക്കണമെന്നും പാര്‍ട്ടിയില്‍ വിശ്വാസികളും അവിശ്വാസികളുമുണ്ടെന്നും എല്ലാവരുടെയും വികാരങ്ങള്‍ മാനിക്കുമെന്നുമുള്ള നിലപാടാണു കെ മുരളീധരന്‍ സ്വീകരിച്ചത്.
എന്നാല്‍ ഇക്കാര്യത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനോ പ്രതിപക്ഷ നേതാവ് വി ഡി സതീശനോ നിലപാടു പറയാനാവാതെ ഉരുണ്ടു കളിച്ചു. അഖിലേന്ത്യ നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു കെ സുധാകരന്‍ പ്രതികരിച്ചത്. കെ പി സി സിയോട് അഭിപ്രായം ചോദിച്ചാല്‍ നിലപാട് പറയും എന്നു പറഞ്ഞ സുധാകരന്‍ കെ മുരളീധരന്‍ പറഞ്ഞ നിലപാടിനെ പിന്തുണക്കാന്‍ തയ്യാറായില്ല.
കെ സി വേണുഗോപാലും പ്രവര്‍ത്തക സമിതി അംഗം ശശി തരൂരും നിലപാടു പറയാതെ നിന്നു. ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിന് അഭിപ്രായമുണ്ടെന്നും സമ്മര്‍ദമില്ലെന്നുമായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം. സി പി എമ്മിനു മത വിശ്വാസം ഇല്ലാത്തതുകൊണ്ടു അവര്‍ക്ക് പെട്ടെന്നു തീരുമാനമെടുക്കാമെന്നും ക്ഷേത്രത്തെ രാഷ്ട്രീയ വേദിയാക്കുന്നതിനോടു യോജിപ്പില്ലെന്നും കോണ്‍ഗ്രസ് വിശ്വാസികളുള്ള പാര്‍ട്ടിയാണെന്നുമായിരുന്നു തരൂരിന്റെ നിലപാട്.
രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കണമെന്ന് അഭിപ്രായമുള്ളവരുടെ കൂടെയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് എല്ലാകാലത്തും മതങ്ങളേയും വിശ്വാസങ്ങളേയും ചേര്‍ത്തുപിടിച്ച മതേതര പ്രസ്ഥാനമാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
കേരളത്തിലെ കോണ്‍ഗ്രസ്സിലെ ആശയക്കുഴപ്പം മുതലാക്കാന്‍ ബി ജെ പിയും രംഗത്തുവന്നു. കോണ്‍ഗ്രസ് ആരെയാണു ഭയപ്പെടുന്നതെന്ന ചോദ്യവുമായാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കോണ്‍ഗ്രസ്സിനെ പ്രകോപിച്ചുകൊണ്ടിരുന്നത്.
ബി ജെ പിയുടെ ഹിന്ദുത്വ കെണിയില്‍ വീഴാതെ ശക്തമായ മതേതര നിലപാട് കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കണമെന്ന മതനിരപേക്ഷ മനസ്സുകളുടേയും ഇന്ത്യാ സഖ്യത്തിലെ മതേതര കക്ഷികളുടേയും താല്‍പര്യത്തിന് അനുഗുണമായി കോണ്‍ഗ്രസ്സിന് ഒടുക്കം നിലപാടു സ്വീകരിക്കേണ്ടി വന്നു എന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.