Connect with us

National

മഴയില്‍ രാമക്ഷേത്രം ചോര്‍ന്നൊലിക്കുന്നു; പരാതിയുമായി മുഖ്യ പുരോഹിതന്‍

രാംലല്ലയുടെ വിഗ്രഹം സ്ഥാപിച്ച ശ്രീകോവിലിന്റെ മേല്‍ക്കൂരയാണ് ചോര്‍ന്നൊലിക്കുന്നത്

Published

|

Last Updated

ലക്‌നോ | ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്ത് ആദ്യ മഴയില്‍ തന്നെ ശ്രീകോവിലിന്റെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നതായി അയോധ്യയിലെ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ ആചാര്യ സതേന്ദ്ര ദാസ്. രാംലല്ലയുടെ വിഗ്രഹം സ്ഥാപിച്ച ശ്രീകോവിലിന്റെ മേല്‍ക്കൂരയാണ് ചോര്‍ന്നൊലിക്കുന്നത്.

ക്ഷേത്ര നിര്‍മാണത്തില്‍ അനാസ്ഥയുണ്ടെന്നും മഴവെള്ളം ഒലിച്ചുപോവാനുള്ള സംവിധാനം ക്ഷേത്രത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വലിയ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ച ക്ഷേത്രത്തിലെ ചോര്‍ച്ച ആശ്ചര്യമുണ്ടാക്കുന്നു. ജനുവരി 22 ന് പ്രാണപ്രതിഷ്ഠയും കഴിഞ്ഞു. എന്നാല്‍ മഴ പെയ്താല്‍ മേല്‍ക്കൂര ചോര്‍ന്നൊലിക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്ത് കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മേല്‍ക്കൂരയില്‍ നിന്ന് വെള്ളം ചോര്‍ന്ന സംഭവം അറിയിച്ചതിന് പിന്നാലെ ക്ഷേത്ര നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര സ്ഥലത്തെത്തി. മേല്‍ക്കൂര നന്നാക്കുന്നതിനും വാട്ടര്‍പ്രൂഫ് ചെയ്യുന്നതിനും അദ്ദേഹം നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

ക്ഷേത്രത്തിന്റെ ഒന്നാം നിലയില്‍ നിന്നാണ് ചോര്‍ച്ചയെന്നും രണ്ടാം നിലയുടെ പണി പൂര്‍ത്തിയാകുന്നതോടെ ഇതിന് പരിഹാരമാകുമെന്നും നൃപേന്ദ്ര മിശ്ര പറഞ്ഞു.
2024 ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്. 1,800 കോടിയാണ് രാമക്ഷേത്രനിര്‍മ്മാണത്തിനായി ചെലവഴിച്ചത്.

 

Latest