National
രാമക്ഷേത്രം വോട്ടായില്ല; അയോധ്യയിൽ തന്നെ ബിജെപിക്ക് തോൽവി
ഉത്തർ പ്രദേശിൽ ബിജെപി ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്. 2019ൽ ഉത്തർപ്രദേശിൽ 62 സീറ്റുകൾ നേടിയ ബിജെപിക്ക് ഇത്തവണ പകുതി സീറ്റുകളിൽ മാത്രമേ വിജയിക്കാനായുള്ളൂ.
ന്യൂഡൽഹി/ലഖ്‌നൗ | 1980-കൾ മുതൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണമായിരുന്നു ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ചർച്ചാവിഷയം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എക്ക് അനുകൂലമായ നിർണായക ഘടകങ്ങളിലൊന്നായി ഇത് മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതിയിരുന്നത്. എന്നാൽ ബാബരി മസ്ജിദ് പൊളിച്ച് അതേ മണ്ണിൽ രാമക്ഷേത്രം പണിത അയോധ്യ നിയമസഭാ സീറ്റ് ഉൾപ്പെടുന്ന ഫൈസാബാദിൽ ബിജെപി തറപറ്റിയതോടെ രാമക്ഷേത്രം വോട്ടായില്ലെന്ന് ഉറപ്പായി. ഈ മണ്ഡലത്തിൽ സമാജ്‌വാദി പാർട്ടി (എസ്പി) സ്ഥാനാർഥിയാണ് ലീഡ് ചെയ്യുന്നത്. ഇവിടെ എസ്പിയുടെ അവധേഷ് പ്രസാദ് 33,000 വോട്ടുകൾക്ക് ബിജെപിയു ലല്ലു സിങ്ങിനെക്കാൾ മുന്നിലാണ്.
ഉത്തർ പ്രദേശിൽ ബിജെപി ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്. 2019ൽ ഉത്തർപ്രദേശിൽ 62 സീറ്റുകൾ നേടിയ ബിജെപിക്ക് ഇത്തവണ പകുതി സീറ്റുകളിൽ മാത്രമേ വിജയിക്കാനായുള്ളൂ. 32 സീറ്റുകളിലാണ് ഇവിടെ ബിജെപി മുന്നിട്ട് നിൽക്കുന്നത്. എന്നാൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സമാജ്‍വാദി പാർട്ടി 38 സീറ്റുകളിൽ ഇവിടെ മുന്നേറുന്നു. കോൺഗ്രസ് ആറിടത്തും മറ്റു കക്ഷികൾ മൂന്നിടത്തും മുന്നിലാണ്.
ബി ജെ പിയുടെ മൊത്തം സീറ്റുകൾ കുറയുന്നതിൽ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളാണ് നിർണായകമായത്. യുപിയിൽ പ്രത്യേകിച്ച് രാമക്ഷേത്രത്തിൻ്റെ നിർമ്മാണവും ഉദ്ഘാടനവും വലിയ വോട്ടായില്ലെന്ന് ലോക്നിതി ദേശീയ കോർഡിനേറ്റർ സന്ദീപ് ശാസ്ത്രി വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
രാമക്ഷേത്രമുള്ള ഉത്തർപ്രദേശ് പോലൊരു സംസ്ഥാനത്ത് ഇനി ക്ഷേത്രം മാത്രമല്ല നിർണ്ണായക ഘടകമെന്നാണ് ഈ പ്രവണത വ്യക്തമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. വികസന പ്രശ്നങ്ങൾ, പ്രത്യേകിച്ച്, മത്സര പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച, തൊഴിലില്ലായ്മ തുടങ്ങി യുവാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളും യുപിയിൽ ബിജെപിക്ക് തിരിച്ചടിക്ക് കാരണമായതായി വിലയിരുത്തപ്പെടുന്നു.
അഖിലേഷ് യാദവിൻ്റെ ഭാര്യ ഡിംപിൾ യാദവ് ബിജെപി സ്ഥാനാർത്ഥി ജയ്‌വീർ സിങ്ങിനെതിരെ 1,40,966 വോട്ടിൻ്റെ വൻ ഭൂരിപക്ഷത്തിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി സ്ഥാനാർത്ഥി സുബ്രത് പഥക്കിനെതിരെ അഖിലേഷ് യാദവ് 84,463 വോട്ടിൻ്റെ ഭൂരിപക്ഷത്തിലും മുന്നിട്ട് നിൽക്കുന്നു.