National
രാമക്ഷേത്ര സമര്‍പ്പണം; ക്ഷണം ലഭിച്ച നേതാക്കള്‍ വ്യക്തിപരമായി തീരുമാനിക്കട്ടെ: ശശി തരൂര്‍
'ക്ഷേത്ര നിര്‍മാണമല്ല, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ചുമതല.'
പത്തനംതിട്ട | അയോധ്യയിലെ രാമക്ഷേത്ര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് ചടങ്ങിലേക്ക് ക്ഷണം ലഭിച്ച നേതാക്കള്‍ വ്യക്തിപരമായി തീരുമാനിക്കട്ടെ എന്ന് ശശി തരൂര്‍ എം പി. ചടങ്ങിലേക്ക് തനിക്ക് ക്ഷണമില്ലെന്നും കോണ്‍ഗ്രസിലെ നാലോ, അഞ്ചോ നേതാക്കള്‍ക്ക് മാത്രമേ ക്ഷണം ലഭിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്ര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്താലും ഇല്ലെങ്കിലും അതിനെ ചില രാഷ്ട്രീയ സന്ദേശമായി കണക്കാക്കും. ഒരു ഹിന്ദു ഭക്തന്‍ എന്ന നിലയില്‍ തിരഞ്ഞെടുപ്പ് കാലം കഴിഞ്ഞ് ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥന നടത്തും. തിരഞ്ഞെടുപ്പിനു മുമ്പ് രാമക്ഷേത്രം സന്ദര്‍ശിക്കില്ല. കോണ്‍ഗ്രസില്‍ മതവിശ്വാസത്തിന് വിലക്കില്ല. എല്ലാവര്‍ക്കും അവരവരുടെ മതത്തില്‍ വിശ്വസിക്കാം. സീതാറാം യച്ചൂരിക്കും സി പി എമ്മിനും അവരുടേതായ നിലപാടുണ്ട്. കോണ്‍ഗ്രസിന്റെ നിലപാട് വ്യത്യസ്തമാണ്.
ക്ഷേത്ര നിര്‍മാണമല്ല, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ചുമതല. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ മുതല്‍ കോടതി വിധി വരെയും ക്ഷേത്ര നിര്‍മാണവും ബി ജെ പി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചു. ഇപ്പോള്‍ സമര്‍പ്പണ ചടങ്ങും അവര്‍ ഉപയോഗപ്പെടുത്തുകയാണ്. ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതു പോലും ബി ജെ പിയുടെ പ്രചാരണത്തെ സഹായിക്കും.
കോണ്‍ഗ്രസ് ഇതുവരെ പാര്‍ലിമെന്റ് മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിട്ടില്ല. അഥവാ തന്നെ വീണ്ടും തിരുവനന്തപുരം പാര്‍ലിമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയാല്‍ കഴിഞ്ഞ 15 വര്‍ഷത്തെ പ്രവര്‍ത്തനം മുന്‍നിര്‍ത്തി വോട്ട് ചോദിക്കും. ബി ജെ പി തിരുവനന്തപുരത്ത് ആരെ സ്ഥാനാര്‍ഥിയാക്കിയാലും ജയിക്കുമെന്ന കെ സുരേന്ദ്രന്റെ അവകാശവാദത്തെപ്പറ്റിയുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ആത്മവിശ്വാസം വ്യക്തികള്‍ക്ക് നല്ലതാണെന്നും ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും ശശി തരൂര്‍ പ്രതികരിച്ചു. നിലവിലെ സാഹചര്യത്തില്‍ ബി ജെ പിക്ക് തിരുവനന്തപുരത്ത് വലിയ പ്രതീക്ഷക്ക് സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.