Kerala
ഭീകരാക്രമണത്തില്‍ മരിച്ച രാമചന്ദ്രന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി
കൊച്ചി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ ഗവര്‍ണറും മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പേര്‍ ആദരമര്‍പ്പിച്ചു.

കൊച്ചി | ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റു മരിച്ച എന്‍ രാമചന്ദ്രന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി. കൊച്ചി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ ഗവര്‍ണറും മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പേര്‍ ആദരമര്‍പ്പിച്ചു. ഇടപ്പള്ളി ശാന്തികവാടം ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്.
കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള, മന്ത്രി പി രാജീവ്, കൊച്ചി മേയര്‍ എം അനില്‍കുമാര്‍, എറണാകുളം കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, നടന്‍ ജയസൂര്യ തുടങ്ങിയവര്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. മന്ത്രി ആര്‍ ബിന്ദു, മുന്‍ മന്ത്രി പി കെ ശ്രീമതി, ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണന്‍, സംവിധായകന്‍ മേജര്‍ രവി തുടങ്ങിയവര്‍ ഇന്നലെ രാമചന്ദ്രന്റെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.
ഭാര്യ ഷീല, മകള്‍ ആരതി, പേരക്കുട്ടികള്‍ എന്നിവര്‍ക്കൊപ്പമാണ് രാമചന്ദ്രന്‍ കശ്മീരില്‍ എത്തിയത്. പേരക്കുട്ടികളുടെ അവധിക്കാല ആഘോഷത്തിന്റെ ഭാഗമായാണ് ഇവര്‍ ഇവിടേക്ക് വന്നത്. വെടിയൊച്ച കേട്ട് ഓടിരക്ഷപ്പെടാന്‍് ശ്രമിക്കുന്നതിനിടെ വനത്തിനുള്ളില്‍ വച്ച് ഭീകരന്‍ തടഞ്ഞ് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് രാമചന്ദ്രന്റെ മകള്‍ ആരതി പറഞ്ഞത്.