Connect with us

swalath nagar

റമസാന്‍ 27ാം രാവ് പ്രാര്‍ഥനാ സമ്മേളനം ഇന്ന്; സ്വലാത്ത് നഗറിലേക്ക് വിശ്വാസി പ്രവാഹം

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

Published

|

Last Updated

മലപ്പുറം | ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന ഇന്ന് മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിലേക്ക് സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി വിശ്വാസികള്‍ ഒഴുകും. പ്രാര്‍ഥനാ സമ്മേളനത്തില്‍ സംബന്ധിക്കുന്നതിന് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഇന്നലെ തന്നെ മഅ്ദിന്‍ കാമ്പസില്‍ എത്തുന്നുണ്ട്. പ്രാര്‍ഥനാ സമ്മേളനത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അറിയിച്ചു. പ്രധാന വേദിക്ക് പുറമെ വിവിധ ഗ്രൗണ്ടുകളിലും പരിസരത്തെ ഓഡിറ്റോറിയങ്ങളിലും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. നോമ്പ്തുറ- അത്താഴ- മുത്താഴ സൗകര്യവുമുണ്ടാകും. സ്ത്രീകള്‍ക്ക് പ്രത്യേക സജ്ജീകരണങ്ങളുണ്ട്.

രാവിലെ 10ന് ഖത്മുല്‍ ഖുര്‍ആന്‍, ഉച്ചക്ക് 1ന് അസ്മാഉല്‍ ബദര്‍ മജ്‌ലിസ്, വൈകുന്നേരം 4ന് അസ്മാഉല്‍ ഹുസ്‌നാ റാതീബ് എന്നിവ നടക്കും. ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന മെഗാ ഇഫ്ത്വാര്‍ സംഗമവും നടക്കും. തറാവീഹ് അടക്കമുള്ള നിസ്‌കാരങ്ങള്‍ പ്രധാന വേദി, മഅ്ദിന്‍ ഗ്രാൻഡ് മസ്ജിദ്, മഅ്ദിന്‍ ഓള്‍ഡ് മസ്ജിദ്, ഓഡിറ്റോറിയങ്ങള്‍ എന്നിവയില്‍ നടക്കും. തസ്ബീഹ് നിസ്‌കാരം, അവ്വാബീന്‍ നിസ്‌കാരം, വിത്ര്‍ നിസ്‌കാരങ്ങളും നടക്കും. രാത്രി ഒമ്പതിന് പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞക്കും സമാപന പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കും. സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുർറഹ്മാന്‍ സഖാഫി, എസ് എം എ സംസ്ഥാന പ്രസിഡന്റ് കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ പ്രസംഗിക്കും.

സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, കൂറ്റമ്പാറ അബ്ദുർറഹ്മാന്‍ ദാരിമി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ചാലിയം എ പി അബ്ദുല്‍ കരീം ഹാജി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. പുലര്‍ച്ചെ മൂന്ന് വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, തഹ് ലീല്‍, തൗബ, പ്രാര്‍ഥന എന്നിവ നടക്കും. വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിനും പഠനത്തിനും ഊന്നല്‍ നല്‍കി ആഗോള തലത്തില്‍ നടന്നു വരുന്ന വേള്‍ഡ് ഖുര്‍ആന്‍ അവറില്‍ പങ്കാളികളാകും.

വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം

സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിനോടനുബന്ധിച്ച് മേല്‍മുറി മലപ്പുറം ടൗണ്‍ ഭാഗങ്ങളില്‍ വാഹന ഗതാഗതം സുഗമമാക്കുന്നതിന് വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങള്‍ നാളെ ഉച്ചക്ക് 3 മുതല്‍ മറ്റുവഴികൾ തിരഞ്ഞെടുക്കണം. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങള്‍ വെള്ളുവമ്പ്രത്ത് നിന്നും മഞ്ചേരി വഴി തിരൂര്‍ക്കാട് കടന്നും പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും വരുന്നവ മഞ്ചേരി വെള്ളുവമ്പ്രം വഴിയും പോകേണ്ടതാണെന്നാണ് പോലീസ് അറിയിച്ചത്.

പാര്‍ക്കിംഗ് ക്രമീകരണം

പ്രാര്‍ഥനാ സമ്മേളനത്തിന് വിശ്വാസികളുമായി കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മേല്‍മുറി ആലത്തൂര്‍പടിയില്‍ ആളെ ഇറക്കി എജ്യുപാര്‍ക്ക് ഭാഗത്തും കോട്ടക്കല്‍, പരപ്പനങ്ങാടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മച്ചിങ്ങലില്‍ ആളെ ഇറക്കി വാറങ്കോട്, കിഴക്കേത്തല, വലിയങ്ങാടി എന്നിവിടങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടുകളിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.  പെരിന്തല്‍മണ്ണ, മഞ്ചേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ മച്ചിങ്ങല്‍ ബൈപ്പാസില്‍ ആളെ ഇറക്കി  പരിസരത്തെ ഗ്രൗണ്ടുകളിലും പാര്‍ക്ക് ചെയ്യേണ്ടതാണെന്നും അധികൃതർ നിർദേശിച്ചു

കെ എസ് ആര്‍ ടി സിക്ക് സ്റ്റോപ്പ് അനുവദിച്ചു

മഅ്ദിന്‍  പ്രാര്‍ത്ഥനാ സമ്മേളനത്തിനെത്തിച്ചേരുന്ന വിശ്വാസികളുടെ സൗകര്യത്തിനായി മലപ്പുറം സ്വലാത്ത്‌ നഗറില്‍ കെ എസ് ആര്‍ ടി സി.  ടിടി, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ എന്നീ സര്‍വീസുകള്‍കള്‍ക്ക് നാളെ രാവിലെ 6 മുതല്‍ താത്കാലിക സ്റ്റോപ്പ് അനുവദിച്ചതായി കെ എസ് ആര്‍ ടി സി ക്ലസ്റ്റര്‍ ഓഫീസില്‍ നിന്നും അറിയിച്ചു.