Connect with us

Articles

റമസാന്‍: ഖുര്‍ആന്റെ ആഘോഷവേള

ഖുര്‍ആനും റമസാനുമായുള്ള ബന്ധത്തിന് പരസ്പരം സ്നേഹിക്കുന്ന രണ്ട് സുഹൃത്തുക്കളെന്ന പോലെ ഇഴയടുപ്പമുണ്ട്. നോമ്പുകാലത്ത് ഖുര്‍ആന്‍ പാരായണത്തിന് സവിശേഷമായൊരു രുചിയും മാധുര്യവുമുണ്ട്. നോമ്പുകാരനില്‍ അത് സുപ്രധാനമായ ചിന്തകളും താത്പര്യങ്ങളും ജനിപ്പിക്കുന്നു. ഖുര്‍ആന്‍ അവതരണത്തിന്റെ ഓര്‍മകള്‍ മടക്കിക്കൊണ്ടുവരികയാണ് ഓരോ റമസാനും.

Published

|

Last Updated

വിശുദ്ധ ഖുര്‍ആന്‍ അവതരണത്തിന്റെ വാര്‍ഷികമാണ് റമസാന്‍. അതിനാല്‍ തന്നെ ഖുര്‍ആനും റമസാനുമായുള്ള ബന്ധത്തിന് പരസ്പരം സ്നേഹിക്കുന്ന രണ്ട് സുഹൃത്തുക്കളെന്ന പോലെ ഇഴയടുപ്പമുണ്ട്. വിവിധ രൂപത്തിലായിരുന്നു അല്ലാഹുവില്‍ നിന്ന് തിരുനബി(സ)യിലേക്കുള്ള വിശുദ്ധ ഖുര്‍ആന്റെ അവതരണം. ലൗഹുല്‍ മഹ്ഫൂളില്‍നിന്ന് അത് മൊത്തമായി ഒന്നാം ആകാശത്തിലേക്ക് ഇറക്കപ്പെട്ടത് റമസാനിലാണ്. അവിടെ നിന്നാണ് സമയ സന്ദര്‍ഭോചിതം തിരുനബി(സ)യിലേക്ക് അതിന്റെ അവതരണമുണ്ടായത്. അതുകൊണ്ട് തന്നെ, റമസാന്‍ ഖുര്‍ആന്‍ അവതരിച്ച മാസമായി അറിയപ്പെട്ടു. റമസാന്‍ സമാഗതമായാല്‍ ജിബ്‌രീല്‍(അ) ഇറങ്ങിവരികയും തിരുനബി(സ)ക്ക് ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ അവിടുന്ന് അത് സശ്രദ്ധം ശ്രവിക്കുകയും അതിന്റെ അര്‍ഥതലങ്ങളെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുമായിരുന്നുവെന്ന് ഹദീസുകളില്‍ കാണാം.

ഈ പ്രവാചകാധ്യാപനവും ചരിത്ര പശ്ചാത്തലവും പാരത്രിക പുണ്യവും മനസ്സാവഹിച്ചാണ് ഓരോ വിശ്വാസിയും റമസാന്‍ ആഗതമായാല്‍ ഖുര്‍ആന്‍ തന്റെ ആത്മാവിനോട് ചേര്‍ത്തുവെക്കുന്നത്. മനുഷ്യനും ഖുര്‍ആനും തമ്മിലുള്ള ബന്ധം പരാമര്‍ശിക്കുന്ന ധാരാളം സൂക്തങ്ങള്‍ കാണാം. അല്ലാഹു പറയുന്നു: ‘ബുദ്ധിയുള്ളവര്‍ ചിന്തിക്കാന്‍ വേണ്ടിയും പാഠമുള്‍ക്കൊള്ളാന്‍ വേണ്ടിയും നാം അതിനെ താങ്കള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു’ (38:29), ‘അവര്‍ ഖുര്‍ആനെക്കുറിച്ച് ചിന്തിക്കുന്നില്ലേ. അതോ, അവരുടെ ഹൃദയങ്ങള്‍ താഴിട്ട് പൂട്ടപ്പെട്ടതാണോ?'(47:24).

നോമ്പുകാലത്ത് ഖുര്‍ആന്‍ പാരായണത്തിന് സവിശേഷമായൊരു രുചിയും മാധുര്യവുമുണ്ട്. നോമ്പുകാരനില്‍ അത് സുപ്രധാനമായ ചിന്തകളും താത്പര്യങ്ങളും ജനിപ്പിക്കുന്നു. ഖുര്‍ആന്‍ അവതരണത്തിന്റെ ഓര്‍മകള്‍ മടക്കിക്കൊണ്ടുവരികയാണ് ഓരോ റമസാനും. തിരുനബി(സ)യുടെയും സച്ചരിതരായ മുന്‍ഗാമികളുടെയും പാത പിന്‍പറ്റിയാണ് റമസാന്‍ ഖുര്‍ആന്റെ വാര്‍ഷികമായി വിശ്വാസികള്‍ ആഘോഷിക്കുന്നത്. ധാരാളം തവണ ഖുര്‍ആന്‍ പൂര്‍ത്തീകരിച്ചോതി ഖത്മുകള്‍ തീര്‍ക്കാന്‍ മത്സരിച്ചും പാരായണ നിയമപ്രകാരം ഖുര്‍ആന്‍ ഓതാന്‍ പരിശീലിച്ചും നിസ്‌കാരങ്ങളില്‍ ദീര്‍ഘമായ സൂറത്തുകള്‍ പാരായണം ചെയ്യാന്‍ ഉത്സാഹിച്ചും മനഃപാഠമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയും അവരിക്കാലം ആഘോഷമാക്കുന്നു. ഖുര്‍ആന്‍ സന്ദേശം വിളംബരം ചെയ്യുന്ന പ്രഭാഷണവേദികളും വിജ്ഞാന സദസ്സുകളും സജീവമാകുന്ന കാലം കൂടിയാണിത്.

വിശ്വാസിയും ഖുര്‍ആനും തമ്മിലുള്ള ഈ ഇഴയടുപ്പവും സവിശേഷ പ്രാധാന്യവുമെല്ലാം കണക്കിലെടുത്താണ് മര്‍കസ് വിശുദ്ധ റമസാനിലെ ഏറെ പവിത്രമായ 25ാം രാവില്‍ കേരളത്തിലെ ഏറ്റവും വലിയ ഖുര്‍ആന്‍ സമ്മേളനം സംഘടിപ്പിക്കുന്നത്. മര്‍കസിന്റെ ആരംഭകാലം മുതല്‍ തന്നെ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നിര്‍ദേശ പ്രകാരം ഖുര്‍ആന്‍ പഠനത്തിന് പ്രത്യേക പ്രാധാന്യമാണ് നല്‍കി വരുന്നത്. കേരളത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കാനുള്ള കേന്ദ്രങ്ങള്‍ വ്യവസ്ഥാപിതമായി ഇല്ലാത്ത ഒരു കാലത്ത് 1987ല്‍ ആദ്യമായി ഖുര്‍ആന്‍ പഠനകേന്ദ്രം ആരംഭിച്ചത് മര്‍കസാണ്. നാള്‍ക്കുനാള്‍ സ്ഥാപനത്തിന് വലിയ സ്വീകാര്യത ലഭിക്കുകയും ധാരാളം വിദ്യാര്‍ഥികള്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നതിനായി എത്തുകയുമുണ്ടായി.

ക്രമേണ വിദ്യാര്‍ഥികളുടെ ആധിക്യമുണ്ടായപ്പോള്‍ 25 ക്യാമ്പസുകളിലായി ഖുര്‍ആന്‍ അക്കാദമി വ്യാപിപ്പിച്ചു. ഖുര്‍ആന്‍ അക്കാദമിയില്‍ മാത്രം ഒതുങ്ങുന്നതല്ല മര്‍കസിന്റെയും സുല്‍ത്വാനുല്‍ ഉലമയുടെയും ഖുര്‍ആന്‍ സേവനങ്ങള്‍. പൊതുജനങ്ങള്‍ പതിവായി ഖുര്‍ആന്‍ പാരായണം ചെയ്യാനായി സുല്‍ത്വാനുല്‍ ഉലമ ആവിഷ്‌കരിച്ച പദ്ധതിയാണ് ദൗറത്തുല്‍ ഖുര്‍ആന്‍. ഓരോ ദിവസവും വിശുദ്ധ ഖുര്‍ആനിലെ അഞ്ച് പേജുകള്‍ പാരായണം ചെയ്ത് നാലുമാസമാകുമ്പോഴേക്ക് പൂര്‍ത്തീകരിക്കുകയും പ്രാര്‍ഥനക്കായി മര്‍കസില്‍ ഒരുമിച്ചുകൂടുകയും ചെയ്യുന്ന സംവിധാനമാണിത്. കൂടാതെ സ്വദേശത്തും വിദേശത്തുമായി കാന്തപുരം ഉസ്താദ് നടത്തിയ ഖുര്‍ആന്‍ പ്രഭാഷണങ്ങളും വിജ്ഞാന സദസ്സുകളും സാധാരണ ജനങ്ങള്‍ക്കിടയില്‍ ഖുര്‍ആന്‍ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. കൂടാതെ പാരായണ ശാസ്ത്രപ്രകാരം ഖുര്‍ആന്‍ ഓതാന്‍ പരിശീലിപ്പിക്കുന്ന വിവിധ കോഴ്‌സുകളും ഖുര്‍ആന്‍ വ്യാഖ്യാന പഠനവേദികളും മര്‍കസിന് കീഴില്‍ കാലങ്ങളായി നടന്നുവരുന്നു. മര്‍കസ് ഖുര്‍ആന്‍ അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസിന്റെ ആഭ്യമുഖ്യത്തില്‍ കഴിഞ്ഞ 17 വര്‍ഷമായി നടക്കുന്ന അല്‍ ഫഹീം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരവും മര്‍കസ് ഖുര്‍ആന്‍ ഫെസ്റ്റും ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് ആവേശം നല്‍കുന്ന വേദികളാണ്.

വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട് ഇങ്ങനെ ഒട്ടനവധി സേവനങ്ങള്‍ നടത്തുന്ന സുല്‍ത്വാനുല്‍ ഉലമയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് വാര്‍ഷികമായ റമസാനില്‍ മര്‍കസ് ഖുര്‍ആന്‍ സമ്മേളനത്തിനൊരുങ്ങുന്നത്. ശ്രവണസുന്ദരമായ വ്യത്യസ്ത പാരായണ ശൈലികള്‍ പരിചയപ്പെടുത്തുന്ന ളിയാഫത്തുല്‍ ഖുര്‍ആന്‍, ഗ്രാന്‍ഡ് ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ്, ആത്മീയ സമ്മേളനം എന്നിങ്ങനെ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ വിശ്വാസി സുഹൃത്തുക്കളുടെ സാന്നിധ്യം മര്‍കസ് ആഗ്രഹിക്കുന്നു.

 

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ